കൊല്ലം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ‘ഗുഡ് ബുക്കിൽ’ ഇടംപിടിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അതിനാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ നിരന്തരം ലക്ഷ്യം വെക്കുന്നതെന്നും സതീശൻ ആരോപിച്ചു. മോദിയും ഷായും ആവശ്യപ്പെട്ടാൽ ഏത് കടലാസിലും ഒപ്പിട്ടുനൽകാൻ മുഖ്യമന്ത്രി തയ്യാറാകും. അവരുടെ മുന്നിൽ 90 ഡിഗ്രി കുനിഞ്ഞു നിൽക്കുന്ന വിധേയത്വമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും സതീശൻ പരിഹസിച്ചു.
കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ തിരഞ്ഞെടുപ്പ് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുപക്ഷവും തമ്മിലുള്ള പോര് മുറുകിയത്. രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലുമില്ലെന്നും എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത അവസ്ഥയിലാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി നേരത്തെ വിമർശിച്ചിരുന്നു. രാഷ്ട്രീയമായ അധഃപതനമാണ് രാഹുൽ ഗാന്ധിക്ക് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ ബിജെപി വിധേയത്വം ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് ഇപ്പോൾ രംഗത്തെത്തിയത്.

