കൊച്ചി. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പ് യാഥാർഥ്യത്തിലേക്ക്. ഫെബ്രുവരി 26ന് ആദ്യഘട്ടമായി 178 വീടുകളുടെ താക്കോൽദാനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്നും ഉറ്റവരെയും കിടപ്പാടത്തെയും ഭൂമിയെയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും മുഖ്യമന്ത്രി അറിയിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി താക്കോൽദാന തിയ്യതി അറിയിച്ചത്. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിൻ്റെ അതിജീവനത്തിൻ്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മൾ തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് പത്തുവർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകർക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങൾ തുടർച്ചയായി ഉണ്ടായി. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. ആ കരുത്തിൽ പിന്നോട്ടുപോകാതെ, വഴിമാറാതെ സർക്കാർ മുന്നേറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26 ന് 2.30 ന് രാഹുൽ ഗാന്ധി നിർവ്വഹിക്കും. 1100 സ്ക്വയർ ഫീട്ടുള്ള വീടുകളാണ് കോൺഗ്രസ് നിർമിക്കുക. 100 വീടുകളാണ് നിർമ്മിക്കുക. ആദ്യഘട്ടത്തിൽ 50 വീടുകളാണ് നിർമിക്കുക.
