കൊൽക്കത്ത. ടി20 ലോകകപ്പിന്‍റെ ആദ്യ സെമിയിൽ നാളെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും നേർക്കുനേർ വരും. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ മഴ ഭീഷണി ഉയർത്തിയാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
സൂപ്പർ 8 ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, സെമി ഫൈനലുകൾക്കും ഫൈനലിനും ഐസിസി റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച നിശ്ചിത സമയത്ത് കളി നടന്നില്ലെങ്കിൽ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂർത്തിയാക്കാൻ ശ്രമിക്കും. എന്നിട്ടും മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ മത്സരം തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ചയിലേക്ക് മാറ്റും. ബുധനാഴ്ച കളി എവിടെയാണോ നിർത്തിയത്, അവിടെ നിന്നുതന്നെ വ്യാഴാഴ്ച മത്സരം പുനരാരംഭിക്കും.
റിസർവ് ദിനത്തിലും കളി നടത്താൻ സാധിക്കാത്ത വിധം മഴ തുടരുകയാണെങ്കിൽ വിജയികളെ തീരുമാനിക്കാൻ സൂപ്പർ ഓവറോ ടോസോ ഉണ്ടാകില്ല. പകരം സൂപ്പർ 8 ഘട്ടത്തിലെ പ്രകടനമാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. സൂപ്പർ 8 ഘട്ടത്തിൽ ഗ്രൂപ്പ് 1-ൽ മൂന്ന് മത്സരങ്ങളും ജയിച്ച് 6 പോയിന്‍റോടെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. എന്നാൽ ന്യൂസിലൻഡ് ഗ്രൂപ്പ് 2-ൽ 3 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. അതിനാൽ മത്സരം പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാൽ ദക്ഷിണാഫ്രിക്ക നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.
ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാത്ത ഒരേയൊരു ടീം ദക്ഷിണാഫ്രിക്ക മാത്രമാണ്. സൂപ്പർ 8-ൽ ഇന്ത്യയെ പരാജയപ്പെടുത്തിയത് അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. മറുവശത്ത്, ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ന്യൂസിലൻഡ് ആ പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം കൊൽക്കത്തയിൽ ബുധനാഴ്ച മഴയ്ക്ക് സാധ്യത കുറവാണെന്നത് ആരാധകർക്ക് ആശ്വാസം നൽകുന്നു.

