കൊൽക്കത്ത. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായയക സൂപ്പര്‍ 8 പോരാട്ടത്തിൽ പുറത്തെടുത്ത വീരോചിത പ്രകടത്തിന് പിന്നാലെ സഞ്ജു സാംസണെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. സഞ്ജു ലോകകപ്പ് ടീമില്‍ സ്ഥാനം നേടാന്‍ അഹര്നല്ലെന്ന് പറഞ്ഞവരെയാണ് ഗാംഗുലി നേരിട്ട് വിമര്‍ശിച്ചത്. വൈറ്റ് ബോള്‍ ടീമിൽ സ്ഥിരസാന്നിധ്യമാകാൻ 100 ശതമാനവും സഞ്ജു അർഹനാണെന്ന് മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി വ്യക്തമാക്കി.
സൂപ്പർ-8 മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന വെല്ലുവിളി സഞ്ജുവിന്റെ 97* റൺസ് കരുത്തിലാണ് ഇന്ത്യ മറികടന്നത്. ഒരു ഘട്ടത്തിൽ ഇന്ത്യ പതറിയെങ്കിലും നാല് പന്തുകൾ ബാക്കിനിൽക്കെ വിജയം ഉറപ്പിക്കാൻ സഞ്ജുവിനായി. സഞ്ജു വളരെ മികച്ച കളിക്കാരനാണ്. ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ അവൻ സ്ഥിരമായി കളിക്കണം. അത് 100 ശതമാനം ഉറപ്പാണ്. ഇതൊരു ‘വെർച്വൽ ക്വാർട്ടർ ഫൈനൽ’ ആയിരുന്നു. അത്തരമൊരു സമ്മർദ്ദഘട്ടത്തിൽ പുറത്താകാതെ 97 റൺസ് നേടുക എന്നത് അവന്റെ പ്രതിഭയാണ് കാണിക്കുന്നത്. ഒരിക്കൽ ക്രീസിലുറച്ചാല്‍ എതിരാളികളെ തകർക്കാൻ കെൽപ്പുള്ള താരമാണവൻ.
ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ സഞ്ജുവിന്റെ ഫോമിനെതിരെ ഉയർന്ന വിമർശനങ്ങളെയും ഗാംഗുലി അനുസ്മരിച്ചു. സഞ്ജു വീണ്ടും പരാജയപ്പെട്ടു, അവൻ ലോകകപ്പ് ടീമിലെത്താൻ അർഹനല്ല, ശുഭ്മാൻ ഗില്ലിനെപ്പോലുള്ള പ്രതിഭകൾ പുറത്തിരിക്കുമ്പോൾ സഞ്ജു എന്തിന്, തുടങ്ങിയ തലക്കെട്ടുകൾ താൻ കണ്ടിരുന്നതായി ഗാംഗുലി പറഞ്ഞു. ഇഷാന് കിഷന് ഓപ്പണറായപ്പോഴാണെങ്കിലും വേറെ ചിലര്‍ ഓപ്പണറായപ്പോഴാണെങ്കിലും ആറ് മാസങ്ങള്‍ക്ക് മുമ്പ് ടീമില്‍ സ്ഥാനം ഉറപ്പില്ലാതിരുന്ന അതേ പയ്യനാണ് ഇപ്പോൾ ഇന്ത്യയെ ഒറ്റക്ക് ലോകകപ്പിന്റെ സെമിയിലെത്തിച്ചിരിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് കളിക്കാൻ പഠിച്ചതാണ് സഞ്ജുവിന്റെ കളിയിലെ ഏറ്റവും വലിയ മാറ്റമെന്നും ദാദ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. തുടർച്ചയായ മൂന്നാം ടി20 ലോകകപ്പിലാണ് സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്. വിൻഡീസിനേക്കാൾ ശക്തരായ എതിരാളികളായിരിക്കും ഇംഗ്ലണ്ടെന്നും കഴിഞ്ഞ മത്സരത്തിലെ അതേ തീവ്രതയോടെ ഇന്ത്യ കളിക്കണമെന്നും ഗാംഗുലി മുന്നറിയിപ്പ് നൽകി.

