Home National‘പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി

‘പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി

by news_desk
0 comments

ജയ്പൂർ. നാടൻ പശുവിൻ്റെ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളായി തീരുമെന്നും എരുമപ്പാൽ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരും അലസരുമാക്കുമെന്നും പറഞ്ഞ് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. രാജസ്ഥാൻ കോട്ടയിലെ രം​ഗഞ്ച് മണ്ഡിയിൽ നടന്ന ​ഗോസംരക്ഷ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിചിത്ര പരാമർശം.

പശുക്കിടാവിനെയും എരുമക്കിടാവിനെയും താരതമ്യം ചെയ്ത്കൊണ്ടായിരുന്നു മന്ത്രിയുടെ വിശദീകരണം. ഉയർന്ന തോളുകളുള്ള നാടൻ പശുക്കളുടെ പാൽ കുടിക്കുന്നവർ ബുദ്ധിശാലികളാകുമെന്ന് അദേഹം പറഞ്ഞു. എരുമപ്പാൽ കുടിക്കുന്നവർക്ക് മന്ദതയുണ്ടാകുമെന്നും അവർക്ക് കാര്യങ്ങൾ വേ​ഗത്തിൽ ​ഗ്രഹിക്കാൻ കഴിയില്ലെന്നും അദേഹം കൂട്ടിചേർത്തു.

പശുക്കിടാവിനെയും എരുമക്കിടവിനെയും ദൂരെ നിന്ന് അവരുടെ അമ്മമാരുടെ അടുത്തേയ്ക്ക് വിട്ടാൽ പശുക്കിടാവ് വേ​ഗത്തിൽ അതിൻ്റെ അമ്മയെ കണ്ടെത്തുമെന്നും എരുമക്കിടാവിന് അമ്മയെ കണ്ടെത്താൻ കഴിയില്ലെന്നും അദേഹം പറഞ്ഞു. ഇരുവരും കുടിക്കുന്ന പാലിൻ്റെ വ്യത്യാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രി പ്രസ്താവിച്ചു. പശുക്കിടാവിന് പാൽ നൽകിയാൽ അത് ഊർജവും പ്രസരിപ്പുള്ളതുമായി ഇരിക്കുമെന്നും എന്നാൽ എരുമക്കിടാവിന് പാൽ നൽകിയാൽ അത് അലസമായി ഉറങ്ങുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലാത്ത മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസവും വിമർശനങ്ങളുമാണ് ഉയരുന്നത്. പ്രത്യേക തരം പാൽ കുടിക്കുന്നത് ബുദ്ധിശക്തി വർധിപ്പിക്കുമെന്നോ മറ്റൊന്ന് മടിയുണ്ടാക്കുമെന്നോ തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും നിലവിലില്ലെന്ന് വിദ​ഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

You may also like