Home Blogപി.എം കെയേഴ്സ് ഭരണഘടനക്ക് മുകളിലോ?

പി.എം കെയേഴ്സ് ഭരണഘടനക്ക് മുകളിലോ?

by news_desk1
0 comments

പി.എം കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി (പി.എം.എൻ.ആർ.എഫ്), ദേശീയ പ്രതിരോധ നിധി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ലോക്‌സഭയിൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭ സെക്രട്ടേറിയേറ്റിന് കത്തയച്ചിരിക്കുന്നത് ഒരു ഭരണനിർദേശമായി മാത്രം കാണാനാവില്ല. അത് പാർലമെന്റിന്റെ അവകാശങ്ങളിലേക്കുള്ള നേരിട്ടുള്ള ഇടപെടലും, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഇന്ത്യൻ ഭരണഘടന പ്രകാരം പാർലമെന്റ് ഭരണകൂടത്തെ നിയന്ത്രിക്കുന്നതല്ല -ഭരണകൂടത്തെ ഉത്തരവാദിത്വപ്പെടുത്തുന്ന പരമാധികാര വേദിയാണ്. ചോദ്യോത്തര വേള പാർലമെന്റിന്റെ ഒരു ആചാരമല്ല; അത് ജനാധിപത്യത്തിന്റെ പ്രവർത്തനരീതിയാണ്…

ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് രാജ്യത്ത് ഉണ്ടാകുന്ന അനിതര സാധാരണമായ പ്രതിസന്ധികളെ നേരിടുന്നതിനുവേണ്ടി ഉപയോഗിക്കാൻ രൂപീകരിക്കപ്പെട്ട സംവിധാനത്തിൻ്റെ വിശ്വാസ്യതയെ തുലാസിൽ ആക്കുന്ന സമീപനമാണിത്. ജനങ്ങളുടെ സംഭാവനകളാൽ രൂപംകൊണ്ട നിധികളെക്കുറിച്ച് ജനപ്രതിനിധികൾക്ക് ചോദ്യം ചെയ്യാനാവില്ലെന്ന വാദം ഭരണഘടനയിലെ Article 75(3) വ്യക്തമാക്കുന്ന
‘കോളക്ടീവ് റെസ്പോൺസിബിലിറ്റി’ എന്ന തത്വത്തെ അടിസ്ഥാനപരമായി നിഷേധിക്കുന്നതാണ്. സർക്കാരിന്റെ നിയന്ത്രണത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന ഫണ്ടുകൾ ‘പാർലമെന്ററി പരിശോധനയ്ക്ക് പുറത്താണ്’ എന്ന് പറയുന്നത് ഭരണഘടനാ അധികാരങ്ങളുടെ കൃത്രിമ വേർതിരിവാണ്. അത് നിയമപരമായി നിലനിൽക്കാവുന്നതല്ല, ജനാധിപത്യപരമായി അംഗീകരിക്കാനാവുന്നതുമല്ല.

രാജ്യത്തെ ജനങ്ങൾക്കും പാർലമെൻ്റ് അംഗങ്ങൾക്കും ഈ ഫണ്ടുകളുടെ നടത്തിപ്പിനെക്കുറിച്ച് അറിയാൻ അവകാശമുണ്ട് അതിനാൽ പി.എം കെയേഴ്സ് ഫണ്ടിലെ വിവരങ്ങളും ക്രയവിക്രയങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളും സ്വാഭാവികമാണ്. പി.എം കെയേഴ്സിന് പുറമേ നാഷണൽ റീലിഫ്, നാഷണൽ ഡിഫൻസ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുമാണ് കേന്ദ്ര സർക്കാരിൻ്റെ വിലക്ക് ബാധമാക്കുക. ലോക്സഭാ സെക്രട്ടേറിയേറ്റിന് ജനുവരി 30 നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കത്ത് വന്നിരിക്കുന്നത്. ലോക്സഭ ചട്ടങ്ങൾ പ്രകാരമാണ് മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങളും ചോദിക്കാൻ അവകാശമില്ലെന്ന് കത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

ശുന്യവേളയിലോ പ്രത്യേക പരാമർശമായോ മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടായാൽ അനുവദിക്കരുതെന്നുമുള്ള കടുംപിടിത്തമാണ് കേന്ദ്രം കത്തിൽ സ്വീകരിക്കുന്നത്. സുതാര്യത എന്നത് ഭരണകൂടത്തിന്റെ ഇഷ്ടദാനമല്ല. അത് ഭരണഘടന നിർബന്ധിതമാക്കിയ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തെ ‘ചോദ്യങ്ങൾക്ക് അർഹമല്ല’ എന്ന ഒറ്റവാചകത്തിൽ ഒഴിവാക്കാൻ ശ്രമിക്കുന്നത് പാർലമെന്റിനെ ഒരു ഔപചാരിക സഭയായി ചുരുക്കുന്ന സമീപനമാണ്. സുപ്രീം കോടതി പല വിധികളിലും പൊതു അധികാരം ഉപയോഗിക്കുന്ന ഏതു സംവിധാനവും ജനപരിശോധനയ്ക്ക് വിധേയമാകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് വിവരാവകാശത്തിലൂടെയാകട്ടെ, പാർലമെന്ററി ചോദ്യങ്ങളിലൂടെയാകട്ടെ- സുതാര്യതയുടെ തത്വം ഒന്നുതന്നെയാണ്.

തീർത്തും അസാധാരണമായ നടപടിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ജനങ്ങളുടെ ജീവൻ്റെ തന്നെ വിലയായ ഇത്തരം ഫണ്ടുകളെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വത്തിലാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. അത് സർക്കാരിൻ്റെ മാത്രം അധികാര പരിധിയിൽ നിലനിൽക്കുന്നതല്ല. സാങ്കേതികമായി മാത്രമാണ് അതിന് അങ്ങനെയൊരു ഭാഷ്യം നൽകാനാവുക. സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസ നിധിയുടെ വരവ് ചെലവു കണക്കുകളും തിരിമറി ആരോപണങ്ങൾ ചർച്ച ചെയ്ത മാതൃകകൾ ഉണ്ട്. ഏത് തരം ചോദ്യങ്ങളാണെങ്കിലും രാഷ്ട്രീയത്തിന് പാർലിമെൻ്ററി മര്യാദകൾക്കും വിരുദ്ധമല്ലെങ്കിൽ അനുവദിക്കുന്ന രീതി കാലങ്ങളായി രാജ്യം ഒന്നടങ്കം അവലംബിക്കുമ്പോഴാണ് കേന്ദ്ര സർക്കാരിൻ്റെ സെൻസറിംഗ് എന്നതാണ് ശ്രദ്ധേയം.

ചോദ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് സംശയങ്ങൾ ഇല്ലാതാക്കുന്നതല്ല; അവയെ നിയമവൽക്കരിക്കുകയാണ്. ജനാധിപത്യത്തിൽ മൗനം ഒരു മറുപടിയല്ല -അത് കുറ്റസമ്മതം പോലെ വായിക്കപ്പെടും. ഇത് ഒരിക്കലും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയുന്നതല്ല. അനഭിമതമായ ചോദ്യങ്ങൾ നിയമവും ചട്ടവും ചൂണ്ടിക്കാട്ടി ഇല്ലാതാക്കുന്ന നല്ലതായി കണക്കാനാവില്ല. രാജ്യത്തിൻ്റെ പരമോന്നത സഭകളിൽ കേന്ദ്ര സർക്കാർ മനപ്പൂർവ്വം നടത്തുന്ന ഒളിച്ചുകളി ഈ ഫണ്ടുകളുടെയെല്ലാം സുതാര്യതയ്ക്ക് വിരുദ്ധമാണ്. കോവിഡ് കാലഘട്ടത്തിൽ അതായത് 2020 മാർച്ച് 28 നാണ് കേന്ദ്ര സർക്കാർ ഫണ്ടിന് രൂപം നൽകുന്നത്. ഫണ്ടിൽ ഏറിയ പങ്കും പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നാണ്. അങ്ങനെയായിരിക്കെ പാർലിമെൻ്റ് അറിയാതിരിക്കേണ്ട എന്ത് സ്വകാര്യതയാണ് പി.എം കെയേഴ്സ് അടക്കമുള്ള മൂന്നു ഫണ്ടുകൾക്കും ഉള്ളത്. പാർലമെന്റിനെ ഒഴിവാക്കി നിധികളെ ‘വിശുദ്ധ മേഖലയായി’ പ്രഖ്യാപിക്കുന്ന പ്രവണത ഒരു അപകടകരമായ മുൻനിരൂപണമാണ്. ഇന്ന് ദുരിതാശ്വാസ നിധികൾ, നാളെ മറ്റേതെല്ലാം ഭരണഘടനാ ഉത്തരവാദിത്വങ്ങൾ?… ചോദ്യങ്ങളെ വിലക്കുന്ന കത്തുകൾക്കല്ല, ചോദ്യങ്ങളെ നേരിടുന്ന ഉത്തരങ്ങൾക്കാണ് ജനാധിപത്യത്തിൽ സ്ഥാനം.

You may also like