തൊടുപുഴ: വിനോദ സഞ്ചാരികളുടെ പ്രിയഗമ്യസ്ഥാനമായ ഇടുക്കിയിൽ 13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിച്ച് സഞ്ചാരികളെ ആകർഷിക്കുന്നു. സംസ്ഥാന വനംവകുപ്പിന് കീഴിലുള്ള ഈ കേന്ദ്രങ്ങൾ പ്രകൃതിസൗന്ദര്യവും സാഹസിക വിനോദങ്ങളും ഒരുമിപ്പിച്ച് ജില്ലയെ ടൂറിസം ഭൂപടത്തിൽ കൂടുതൽ ശക്തമായി ഉയർത്തുകയാണ്.
ഇടുക്കി, മൂന്നാർ, മാങ്കുളം, പെരിയാർ ഫോറസ്റ്റ് ഡിവിഷനുകളുടെ കീഴിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കൂടാതെ എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷി സങ്കേതവും ഇടുക്കി ഡിവിഷന്റെ ഭാഗമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തിയത്. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് കോടികളുടെ വരുമാനമാണ് ലഭിച്ചത്.
വാഗവനം, വെള്ളപ്പാറ, ചൊക്രമുടി, കൈനാഗിരി, നക്ഷത്രകുത്ത്, ആനക്കുളം, ആനക്കോട്ടപ്പാറ, രാജീവ് ഗാന്ധി നേച്ചർ പാർക്ക്, ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, ഷോല ദേശീയോദ്യാനം, തേക്കടി, വള്ളക്കടവ് എന്നിവയാണ് പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ.
ട്രക്കിങ്, ബോട്ടിങ്, റാഫ്റ്റിങ്, താമസസൗകര്യം തുടങ്ങി വിവിധ വിനോദ സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. പ്രത്യേകിച്ച് തേക്കടിയിലും വെള്ളപ്പാറയിലും ബോട്ടിങ് വലിയ ആകർഷണമാണ്. ചൊക്രമുടി, നക്ഷത്രകുത്ത് എന്നിവിടങ്ങളിൽ ട്രക്കിങ് പ്രോഗ്രാമുകൾ സാഹസികത തേടുന്നവരെ ആകർഷിക്കുന്നു.
സഞ്ചാരികളുടെ സൗകര്യം വർധിപ്പിക്കാൻ വനംവകുപ്പ് നിരവധി നവീകരണ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. പണമിടപാടുകൾ പൂര്ണമായും ഓൺലൈനാക്കിയതോടൊപ്പം പി.ഒ.എസ് മെഷീനുകളും സ്ഥാപിച്ചു. റോഡുകൾ പുതുക്കി, ശുചിമുറികളും കുടിവെള്ള സൗകര്യങ്ങളും വർധിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകി പ്ലാസ്റ്റിക് മാലിന്യം തടയാൻ ബോധവൽകരണ ബോർഡുകളും വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചു. കൂടാതെ നിരീക്ഷണത്തിനായി സി.സി.ടി.വി ക്യാമറകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇരവികുളം ദേശീയോദ്യാനത്തിൽ 360 ഡിഗ്രി വിർച്വൽ റിയാലിറ്റി സെന്റർ, ഗോൾഫ് കാർട്ട് ഇലക്ട്രിക് സഫാരി, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സൗകര്യങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പുതിയ ട്രക്കിങ് പ്രോഗ്രാമുകളും അധിക വിനോദ പദ്ധതികളും ആരംഭിച്ചതോടെ ഇടുക്കിയിലെ ഇക്കോ ടൂറിസം മേഖല കൂടുതൽ സജീവമാകുകയാണ്.

