തൊഴിൽ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, വൈദ്യുതി ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തി സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ഒരു സാധാരണ പ്രതിഷേധമല്ല. അത് രാജ്യത്തിന്റെ തൊഴിൽ നയദിശയെക്കുറിച്ചുള്ള അടിസ്ഥാനചോദ്യമാണ്. തൊഴിൽ കോഡുകൾ എന്ന പേരിൽ നിലവിലെ തൊഴിലാളി നിയമങ്ങളെ ഏകീകരിച്ചപ്പോൾ, തൊഴിലാളികളുടെ സുരക്ഷ, തൊഴിൽസ്ഥിരത, യൂണിയൻ അവകാശങ്ങൾ എന്നിവയിൽ ഗുരുതരമായ ആശങ്കകൾ ഉയർന്നിരുന്നു. ‘ലളിതീകരണം’ എന്ന വാക്കിനകത്ത് തൊഴിലാളികളുടെ അവകാശങ്ങൾ ചുരുങ്ങിപ്പോകുമോ എന്ന ഭയം ഇന്നും മാറിയിട്ടില്ല. തൊഴിലാളിയുടെ ചർച്ചാവകാശം ക്ഷയിക്കുമ്പോൾ, വ്യവസായ വളർച്ച മാത്രം പുരോഗതിയുടെ മാനദണ്ഡമാകാനാവില്ല. തൊഴിലവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ഭരണകൂടത്തിന്റെ തെറ്റായ നയത്തിനെതിരെ തൊഴിലാളി സമൂഹത്തിന്റെ സംഘടിതമായ പ്രതിഷേധമാണ് ദേശീയ പണിമുടക്ക്. തൊഴിൽ കോഡുകൾ പിൻവലിക്കുക തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക വൈദ്യുതി വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും പണിമുടക്കിന്റെ ഭാഗമായി സമരക്കാർ ഉയർത്തുന്നുണ്ട്.
ഇൻഷുറൻസ് മേഖലയിൽ 100% എഫ്.ഡി.ഐ ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണം തുടങ്ങിയവയും സമരത്തിൻറെ ഭാഗമായി തൊഴിലാളികൾ ഉന്നയിക്കുന്ന വിഷയങ്ങളാണ്. തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ ഇന്ത്യയുടെ ജീവരേഖയാണ്. സാമ്പത്തിക പ്രതിസന്ധികളും തൊഴിൽക്ഷാമവും ഉയരുന്ന സാഹചര്യത്തിൽ, തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തേണ്ടതാണല്ലാതെ ചുരുക്കേണ്ടതല്ല. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുമ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഉറച്ചുനിൽക്കുക. വൈദ്യുതി ഭേദഗതി ബില്ലുകൾ പൊതുമേഖലയെ ദുർബലപ്പെടുത്തുകയും സ്വകാര്യവൽക്കരണത്തിനുള്ള വഴി തുറക്കുകയും ചെയ്യുമെന്ന ആശങ്കയും വ്യാപകമാണ്. വൈദ്യുതി ഒരു വ്യാപാരവസ്തുവല്ല; പൊതുജനാവകാശമാണ്. ലാഭത്തിന്റെ മാനദണ്ഡത്തിൽ മാത്രം അതിനെ വിലയിരുത്താനാവില്ല. പണിമുടക്ക് ജനജീവിതത്തെ അസൗകര്യത്തിലാക്കുമെന്ന വാദം ശരിയാകാം. എന്നാൽ അസൗകര്യത്തിന്റെ ഭയത്തിൽ പ്രതിഷേധത്തെ നിഷേധിക്കാനാവില്ല. ജനാധിപത്യത്തിൽ പ്രതിഷേധം ഒരു അവകാശമാണ്; അതേസമയം ഭരണകൂടം കേൾക്കേണ്ട ശബ്ദവുമാണ്. സംയുക്ത ട്രേഡ് യൂണിയനുകളുടെ ഈ ആഹ്വാനം ഒരു രാഷ്ട്രീയ മുദ്രാവാക്യമെന്നതിലുപരി, തൊഴിൽ–സാമൂഹിക നീതിക്കായുള്ള ആവശ്യമെന്ന നിലയിലാണ് വായിക്കപ്പെടേണ്ടത്. സംവാദത്തിലൂടെയും പരിഷ്‌കാരത്തിലൂടെയും മുന്നേറേണ്ട വിഷയങ്ങളിൽ ഏകപക്ഷീയ നീക്കങ്ങൾ സമൂഹത്തിലെ അസന്തോഷം വർധിപ്പിക്കും.
ഭരണ പ്രതിപക്ഷ ഭേദമെന്യേ രാജ്യത്ത് ഭരണം നടത്തിയിട്ടുള്ള ഒരു ഗവൺമെൻറ് ഇന്നേവരെ നടത്തിയിട്ടില്ലാത്തത്ര തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളുടെ നേർപ്പതിപ്പായി മാറിയിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിനു മുൻപ് രാജ്യത്തിന്റെ വ്യാപാരസംബന്ധിയായ ഇടപാടുകളിൽ അമേരിക്കയുടെ സർവ്വാധിപത്യം കടന്നുവന്നത് എങ്ങനെയാണ് എന്നതിൽ ഇന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഗവൺമെന്റിനോ ഉത്തരമില്ല. ഇന്ത്യയുടെ നട്ടെല്ല് ആയ കർഷക തൊഴിലാളികളുടെ ജീവനും ജീവിതവും പച്ച പന്താടുന്ന ഇന്ത്യ യുഎസ് വ്യാപാരക്കരാറിൻ്റെ യാഥാർഥ്യത്തെക്കുറിച്ച് ഇപ്പോഴും കേന്ദ്ര ഗവൺമെന്റ് തുടരുന്ന മൗനം സംശയാസ്പദമാണ്. കർഷകർക്ക് പ്രോത്സാഹനമായി ബോണസ് നൽകാൻ ഉദ്ദേശിക്കുന്ന തീരുമാനത്തെ പോലും എതിർക്കാനും അട്ടിമറിക്കാനും ശ്രമിക്കുന്നത് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ആണല്ലോ എന്നുള്ള ആശ്ചര്യമാണ് ജനങ്ങൾക്ക് ഇപ്പോഴുമുള്ളത്. രാഷ്ട്രീയമായ അന്ധതയുടെ പേരിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിശ്വാസ്യതയെ തകർത്തുകളഞ്ഞ് തൊഴിലാളികളെ പരസ്യമായി മുതലാളിമാർക്ക് പണയം വെച്ചുകൊണ്ടാണ് വി ബി ജി റാം എന്ന പുതിയ നിയമവുമായി കേന്ദ്രം രംഗത്തുവന്നത്.
തൊഴിലാളിയുടെ അവകാശങ്ങളെയും തൊഴിൽ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ലഭിക്കേണ്ട തൊഴിലില്ലായ്മ വേദനത്തെയും ഇല്ലാതെയാക്കി സമ്പൂർണ്ണമായ അരക്ഷിതാവസ്ഥയിലേക്ക് ഭാരതത്തിലെ തൊഴിലാളി സമൂഹത്തെ എത്തിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത്തരം നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനായി ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും പേരിലുള്ള വൈകാരികത കൊണ്ടുവരുന്നു. ഭിന്നിപ്പിന്റെ വക്താക്കളുടെ കൂട്ടായ്മയായി രാജ്യവിരുദ്ധ സംഘമായി കേന്ദ്രസർക്കാരും ഭരണമുന്നണിയും മാറുന്നു. സുസ്ഥിരമായ വികസനം തൊഴിലാളികളുടെ അവകാശങ്ങളെ മാനിക്കുന്നതിലൂടെയാണ് സാധ്യമാകുന്നത്. തൊഴിൽ, ക്ഷേമം, പൊതുസമ്പത്ത് – ഇവയെ സംരക്ഷിക്കുന്നതാണു ജനാധിപത്യ സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വം.
ഈ പണിമുടക്ക് ഒരു ദിവസം മാത്രം നീളാം. പക്ഷേ അതുയർത്തുന്ന ചോദ്യങ്ങൾ ദീർഘകാലപ്രാധാന്യമുള്ളവയാണ്. അവയ്ക്ക് മറുപടി നൽകേണ്ടത് മുദ്രാവാക്യങ്ങളാൽ അല്ല, നയപരമായ ഉറപ്പുകളാലാണ്.
