Home Keralaവയനാട് ദുരന്തത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ; മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചു, ‘ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകും, എല്ലാ പിന്തുണയും ഉറപ്പാക്കും’

വയനാട് ദുരന്തത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ; മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചു, ‘ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകും, എല്ലാ പിന്തുണയും ഉറപ്പാക്കും’

by news_desk1
0 comments

ദില്ലി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻഡിആർഎഫും എസ്‍ഡിആർഎഫും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.

മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അവർ, ഈ കഠിന ഘട്ടത്തിൽ ദുരിതബാധിതർക്കൊപ്പം ഒപ്പമുണ്ടാകുമെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും പറഞ്ഞു.

ജില്ലാ ഭരണകൂടം, തിരുവനന്തപുരത്തുനിന്ന് സ്ഥലത്തേക്ക് പുറപ്പെട്ട മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽ കുമാർ, പ്രാദേശിക പാർട്ടി പ്രവർത്തകർ, ബന്ധപ്പെട്ട വിവിധ ഏജൻസികൾ എന്നിവരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണെന്നും അവർ അറിയിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനാകട്ടെയെന്ന് പ്രാർഥിക്കുന്നതായും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

ദുരന്തനിവാരണ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ യു.ഡി.എഫ് പ്രവർത്തകരോടും പൊതുജനങ്ങളോടും പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഉണ്ടാകാത്ത രീതിയിൽ സഹായങ്ങൾ എത്തിക്കണമെന്നും ഈ ദുരിതഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിന്ന് ബാധിതർക്കാവശ്യമായ പിന്തുണ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ വിവിധ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും കോഴിക്കോട് നിന്നുള്ള സംഘവും ഉടൻ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പോലീസും ഫയർഫോഴ്സും നിലവിൽ സ്ഥലത്തുണ്ടെന്നും തൃശ്ശൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിനെയും സജ്ജമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. മണ്ണ് നീക്കം ചെയ്യുന്നതിനായി എട്ട് എസ്‌കവേറ്ററുകൾ വിന്യസിച്ചിട്ടുള്ളതിനാൽ ഉപകരണങ്ങളുടെയോ സേനയുടെയോ അഭാവം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

You may also like