തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേട് ആരോപണത്തിൽ ഒരേസമയം പിഎസ്സി ആഭ്യന്തര വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് നടപടി.
പരാതി നൽകിയ തിരുവനന്തപുരം സ്വദേശിയുടെ മൊഴി പിഎസ്സി ആഭ്യന്തര വിജിലൻസ് രേഖപ്പെടുത്തി. അതേസമയം, മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ പിഎസ്സി നിയോഗിച്ചതനുസരിച്ച് ആഭ്യന്തര വിജിലൻസ് എസ്.പി അന്വേഷണം ആരംഭിച്ചു. ഇതിന് പുറമെയാണ് സർക്കാർ ക്രൈംബ്രാഞ്ചിനെയും അന്വേഷണ ചുമതല ഏൽപ്പിച്ചത്.
പിഎസ്സി പരീക്ഷകളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്ന ആരോപണങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുക. എന്നാൽ ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട പരാതിക്കാണ് അന്വേഷണത്തിൽ പ്രധാന പരിഗണന നൽകുക.
വിജിലൻസ് ഡയറക്ടർ അന്വേഷണാനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഫലത്തിൽ ഒരേ വിഷയത്തിൽ പിഎസ്സി ആഭ്യന്തര വിജിലൻസും ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തും.
അതേസമയം, പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യൂ. ഇതിനായി ആവശ്യമായ രേഖകൾ ലഭ്യമാക്കാൻ പിഎസ്സിക്ക് കത്ത് നൽകും. എന്നാൽ രേഖകൾ കൈമാറുന്ന കാര്യത്തിൽ നിയമോപദേശം തേടിയ ശേഷവും കമ്മീഷൻ യോഗം ചേർന്ന ശേഷവും മാത്രമേ പിഎസ്സി അന്തിമ തീരുമാനം കൈക്കൊള്ളൂ.
ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുന്ന കാര്യം ചൂണ്ടിക്കാട്ടാനും പിഎസ്സിക്ക് സാധിക്കും.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയപ്പോൾ, മൂല്യനിർണയത്തിലും അഭിമുഖത്തിലും അട്ടിമറി നടന്നതായി സംശയിക്കുന്നതായും ആവശ്യമായ എല്ലാ രേഖകളും പിഎസ്സി കൈമാറിയിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി.
കൂടുതൽ പരാതിക്കാരുടെയും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

