Home Keralaവൈദ്യുതി തടസം ഇനി വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിക്കും; ഫോൺ കോളുകൾക്ക് നിർബന്ധമായും മറുപടി നൽകണമെന്ന് കെഎസ്ഇബിക്ക് മന്ത്രിയുടെ നിർദേശം

വൈദ്യുതി തടസം ഇനി വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിക്കും; ഫോൺ കോളുകൾക്ക് നിർബന്ധമായും മറുപടി നൽകണമെന്ന് കെഎസ്ഇബിക്ക് മന്ത്രിയുടെ നിർദേശം

by news_desk1
0 comments

തൃശൂർ: വൈദ്യുതി തടസങ്ങളെക്കുറിച്ച് പൊതുജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിനായി ഓരോ കെഎസ്ഇബി സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദേശിച്ചു. തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ചാണ് മന്ത്രി നിർദേശം നൽകിയത്.

പരാതികളുമായി ഫോണിലൂടെയോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് ജീവനക്കാർ സൗഹാർദ്ദപരമായി പെരുമാറണമെന്നും ഫോൺ കോളുകൾക്ക് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി നിർദേശിച്ചു. വൈദ്യുതി തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് കെഎസ്ഇബി ജാഗ്രത പുലർത്തണമെന്നും, ജനപ്രതിനിധികളുടെ സഹകരണത്തോടെ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യുതി ഉത്പാദനം, വിതരണം, പ്രസരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികൾ കൂടുതൽ സജീവമാക്കണമെന്നും മന്ത്രി നിർദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ വിളിച്ചുചേർക്കാൻ എംഎൽഎമാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎ ചെയർപേഴ്സണും എക്സിക്യൂട്ടീവ് എഞ്ചിനിയർ കൺവീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ട്രാൻസ്ഫോർമറുകളുടെ കുറവ് മൂലം കെഎസ്ഇബിയിൽ നിന്ന് അനുമതി ലഭിക്കുന്നില്ലെന്ന പരാതി യോഗത്തിൽ എംഎൽഎമാർ ഉന്നയിച്ചു. ആയിരത്തിലധികം പുതിയ ട്രാൻസ്ഫോർമറുകൾ വാങ്ങിയിട്ടുണ്ടെന്നും ആറുമാസത്തിനകം അവ സ്ഥാപിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ഇതോടെ സോളാർ കണക്ഷനുകൾ നൽകാനുള്ള ശേഷി വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മലക്കപ്പാറയിലെ രൂക്ഷമായ വൈദ്യുതി പ്രശ്നങ്ങൾക്കും യോഗത്തിൽ പരിഹാരം ആവശ്യപ്പെട്ടു. നിലവിൽ പരിയാരത്ത് നിന്ന് വനത്തിലൂടെ 60 കിലോമീറ്റർ ദൂരത്തിൽ ലൈൻ വലിച്ചാണ് മലക്കപ്പാറയിലേക്ക് വൈദ്യുതി എത്തിക്കുന്നത്. അതിരപ്പിള്ളി കേന്ദ്രീകരിച്ച് പുതിയ സബ് റീജ്യണൽ ഓഫീസ് ആരംഭിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് കെഎസ്ഇബി അറിയിച്ചു.

പെരിങ്ങൽക്കൂത്തിലും ഷോളയാറിലുമുള്ള ഒഴിഞ്ഞുകിടക്കുന്ന കെഎസ്ഇബി ക്വാർട്ടേഴ്സുകൾ നവീകരിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യത വനംവകുപ്പുമായി ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപനം ആവശ്യമായ പ്രവൃത്തികളിലെ തടസങ്ങൾ നീക്കാൻ ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിച്ചുചേർക്കണമെന്നും മന്ത്രി നിർദേശിച്ചു. കെഎസ്ഇബിയുടെ വിവിധ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും എംഎൽഎമാർ യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ എംഎൽഎമാരായ രാജൻ ജെ. പല്ലൻ, സനീഷ് കുമാർ ജോസഫ്, കെ. രാജൻ, സി. രവീന്ദ്രനാഥ്, എൻ.കെ. അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രൻ, യു.ആർ. പ്രദീപ്, തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കെഎസ്ഇബി ഡയറക്ടർ എം.പി. രാജൻ, ചീഫ് എഞ്ചിനിയർമാരായ കെ. ദിനേഷ്, ഷാജി സുധാകരൻ എന്നിവർ പങ്കെടുത്തു.

You may also like