കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച രണ്ട് വിദഗ്ധ അന്വേഷണ സമിതികളും ഇതുവരെ ദുരന്തസ്ഥലം സന്ദർശിച്ചിട്ടില്ല. റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസം മാത്രമാണ് ശേഷിക്കെ പരിശോധന വൈകുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്.
തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ഇന്നലെ സംഘം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സന്ദർശനം നടന്നില്ല.
ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഈ സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.
അതേസമയം, വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
ദുരന്തത്തിൽ മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും. അപകടത്തിൽ പരിക്കേറ്റ ഒൻപത് പേരിൽ ആറു പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും കൈമാറും.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റ് മൂന്ന് പേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ തുക നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ ദിലീപ് ബിൽഡ് കോൺ കമ്പനിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, സ്കൂളുകൾ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളുടെ വാഹനഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ അനുവദിക്കും.
മീനാക്ഷി പാലത്തിന്റെ ബലക്ഷയം വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന് ചുമതല നൽകിയതായും മന്ത്രി അറിയിച്ചു.

