Home Top Storiesജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ. സുഗതൻ; സംസ്ഥാനത്ത് ആദ്യമായി ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ

ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ. സുഗതൻ; സംസ്ഥാനത്ത് ആദ്യമായി ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ

by news_desk1
0 comments

തൃശ്ശൂർ: കാപ്പാ കേസിൽ തടവിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തിലാണ് ജയിലിലെ ലൈബ്രറി ഹാളിൽ ഒരുക്കിയ വേദിയിൽ സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം വാഴോട്ടുകോണം വാർഡിലെ കൗൺസിലറാണ് ആർ. സുഗതൻ.

ദൈവങ്ങളുടെ പേരും ബലിദാനികളുടെ പേരും പരാമർശിച്ച് സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ ഉൾപ്പെടെ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് മറ്റ് കൗൺസിലർമാർ കോർപ്പറേഷനിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, കാപ്പാ നിയമപ്രകാരം ജയിലിലായതിനാൽ സുഗതന് അവരോടൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല.

ഇതിനെ തുടർന്ന് സുഗതൻ ആദ്യം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് സുഗതന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. കാപ്പാ കേസിൽ പ്രതിയായ സുഗതനെ ജയിലിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഇതോടെയാണ് ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്.

അതേസമയം, സുഗതന് മേൽ ചുമത്തിയ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതി ശരിവെച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് സുഗതന് വിലക്കുണ്ട്.

സത്യപ്രതിജ്ഞ നടത്താൻ സാധിക്കാതിരുന്നാൽ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകുമായിരുന്നു. അങ്ങനെ സംഭവിച്ചാൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ ഭരണവും നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നു.

എന്നാൽ സത്യപ്രതിജ്ഞ നടത്തിയെങ്കിലും ജയിലിൽ തുടരുന്നതിനാൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഭാവിയിൽ സുഗതന്റെ അംഗത്വത്തെ ബാധിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

You may also like