Home Keralaഓണവിപണിക്ക് സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം; മഞ്ഞ കാർഡുകാരുടെ ഓണക്കിറ്റിന് 53 കോടി അനുവദിച്ചു

ഓണവിപണിക്ക് സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം; മഞ്ഞ കാർഡുകാരുടെ ഓണക്കിറ്റിന് 53 കോടി അനുവദിച്ചു

by news_desk1
0 comments

തിരുവനന്തപുരം: ഓണവിപണി സുഗമമായി നടത്തുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം സംസ്ഥാന സർക്കാർ അനുവദിച്ചു. എ.എ.വൈ വിഭാഗം (മഞ്ഞ കാർഡ്) റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണത്തിനായി പ്രത്യേകമായി 53 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. മുൻ സർക്കാരുകളൊന്നും ഇത്രയും വലിയ തുക ഒരുമിച്ച് അനുവദിച്ചിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

മാർക്കറ്റ് ഇന്റർവെൻഷൻ സ്‌കീമിൽ നിന്ന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.

ഇതിനിടെ, ഈ മാസം ആദ്യം മുൻഗണനാ റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങൾ പുതുക്കുന്നതിനും സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. മാനദണ്ഡങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സപ്ലൈസ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു.

മുൻഗണനാ വിഭാഗത്തിൽ 1,200 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകളെ പരിഗണിക്കുക, 800 സി.സി വരെ എൻജിൻ ശേഷിയുള്ള കാറുകൾ ഉൾപ്പെടെയുള്ള നാല് ചക്രവാഹനങ്ങൾ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തുക, ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കിൽ ഇളവ് നൽകുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

കൂടാതെ, ആദിവാസി-ഗോത്രവർഗ മേഖലകളിൽ സഞ്ചരിക്കുന്ന റേഷൻകടകളിലൂടെ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

You may also like