കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. 20 വർഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതി ശിക്ഷ മരവിപ്പിക്കണമെന്ന സുനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
വിചാരണക്കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താനായില്ലെന്നും പൊതുജനതാൽപര്യവും സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ ആവശ്യമായ അസാധാരണ സാഹചര്യം പ്രതിക്ക് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു.
എട്ട് വർഷത്തോളമായി ജയിലിൽ കഴിയുന്നതു മാത്രം ശിക്ഷ മരവിപ്പിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിക്കെതിരെ 11 ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും, മുൻപ് ജാമ്യത്തിലിറങ്ങിയപ്പോൾ ഹോട്ടലിൽ അടിപിടിയുണ്ടാക്കി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഡി.എൻ.എ. പ്രൊഫൈൽ പ്രതിയുടേതുമായി പൊരുത്തപ്പെടുന്നതടക്കമുള്ള ശക്തമായ ശാസ്ത്രീയ തെളിവുകൾ വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ ശരിവയ്ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
വിചാരണക്കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയ സാഹചര്യത്തിൽ, ‘കുറ്റം തെളിയുന്നതുവരെ നിരപരാധി’ എന്ന ആനുകൂല്യം ഇനി പ്രതിക്ക് ബാധകമല്ലെന്നും ശിക്ഷ മരവിപ്പിക്കാൻ ശക്തമായ കാരണങ്ങൾ ആവശ്യമാണ് എന്നും കോടതി വ്യക്തമാക്കി.
പണം വാങ്ങി ഒരു നടിയെ ആസൂത്രിതമായി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത് അതീവ ക്രൂരവും സമൂഹത്തെ ബാധിക്കുന്നതുമായ കുറ്റകൃത്യമാണെന്നും, ഇത് സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

