Home Keralaവലിയ ചുടുകാട്ടിൽ ടി.വി. തോമസിനും സ്മാരകം; വി.എസ്. സ്മാരകത്തിന്റെ രൂപകൽപ്പനയെ ചൊല്ലിയും തർക്കം

വലിയ ചുടുകാട്ടിൽ ടി.വി. തോമസിനും സ്മാരകം; വി.എസ്. സ്മാരകത്തിന്റെ രൂപകൽപ്പനയെ ചൊല്ലിയും തർക്കം

by news_desk1
0 comments

ആലപ്പുഴ: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.വി. തോമസിനായി വലിയ ചുടുകാട്ടിൽ സ്മാരകം നിർമ്മിക്കാൻ ധാരണയായി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വലിയ ചുടുകാട്ടിൽ സ്മാരകം നിർമ്മിച്ചാൽ ടി.വി. തോമസിനും സ്മാരകം വേണമെന്ന സിപിഐയുടെ ആവശ്യം ചർച്ച ചെയ്താണ് സമവായത്തിലെത്തിയത്. രക്തസാക്ഷി സ്മാരക ഭൂമിയെച്ചൊല്ലിയുണ്ടായ അവകാശ തർക്കമാണ് ഇരു പാർട്ടികളെയും ചർച്ചാ മേശയിലേക്ക് എത്തിച്ചത്.

നേതാക്കൾക്ക് പ്രത്യേകം സ്മാരകം നിർമ്മിക്കില്ലെന്ന വലിയ ചുടുകാട്ടിലെ പൊതുധാരണ വി.എസ്. സ്മാരകം നിർമ്മിക്കുന്നതിലൂടെ ലംഘിക്കപ്പെട്ടുവെന്നാണ് സിപിഐയുടെ നിലപാട്. അതിനാൽ വി.എസ്. അച്യുതാനന്ദന് സ്മാരകം ഉയരുന്ന സാഹചര്യത്തിൽ പുന്നപ്ര-വയലാർ സമരനായകനായ ടി.വി. തോമസിനും സ്മാരകം നിർമിക്കണമെന്ന ആവശ്യം പാർട്ടി മുന്നോട്ടുവെച്ചു.

പുന്നപ്ര-വയലാർ സമരനായകൻ എന്ന നിലയിൽ വി.എസ്. അച്യുതാനന്ദന് വലിയ ചുടുകാട്ടിൽ സ്മാരകം നിർമ്മിക്കണമെന്ന താൽപര്യം സിപിഐഎമ്മിനും വി.എസ്. കുടുംബത്തിനും ഉണ്ടായിരുന്നു. ഈ നിർദേശം സിപിഐ നേതാക്കളെ അറിയിച്ചതോടെയാണ് ടി.വി. തോമസിനും അവിടെ സ്മാരകം വേണമെന്ന നിലപാട് സിപിഐ സ്വീകരിച്ചത്.

വി.എസ്. സ്മാരകത്തിന്റെ രൂപകൽപ്പനയെച്ചൊല്ലിയും ഇരു പാർട്ടികൾക്കിടയിൽ അഭിപ്രായഭിന്നത ഉണ്ടായി. സ്മാരകത്തിന് ചുറ്റും ചുവർഭിത്തി നിർമിച്ചാൽ മറ്റ് പ്രതിമകൾ മറഞ്ഞുപോകുമെന്ന സിപിഐയുടെ വാദത്തെ തുടർന്ന് ചുവർഭിത്തി ഒഴിവാക്കാൻ തീരുമാനമായി.

ഈ മാസം 21-ന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന വി.എസ്. അനുസ്മരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചരമവാർഷികത്തിന് മുമ്പായി ടി.വി. തോമസിന്റെ സ്മാരകവും പൂർത്തിയാക്കാനാണ് തീരുമാനം.

വലിയ ചുടുകാട്ടിലെ പൂർണകായ പ്രതിമയുടെ ശിൽപി ഉണ്ണി കാനായിയാണ്. പുന്നപ്ര-വയലാർ രക്തസാക്ഷികളും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് സിപിഐഎമ്മിന്റെയും സിപിഐയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥലമാണ്.

അതേസമയം, വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാരിനെ കാത്തിരിക്കേണ്ടതില്ലെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം. അദ്ദേഹത്തിന്റെ പേരിൽ പഠന-ഗവേഷണ കേന്ദ്രം എന്ന നിലയിൽ തിരുവനന്തപുരത്തോ ആലപ്പുഴയിലോ സ്മാരകം നിർമ്മിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

You may also like