ചെന്നൈ: പങ്കാളികളോടുള്ള സ്നേഹമോ വിശ്വാസമോ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പോ ലഭിച്ചാലും യുവതികളും പെൺകുട്ടികളും സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബ്ലാക്ക്മെയിൽ ചെയ്ത് ബലാത്സംഗം നടത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധിയിലാണ് ജസ്റ്റിസുമാരായ എൻ. ആനന്ദ് വെങ്കിടേഷും കെ.കെ. രാമകൃഷ്ണനും അടങ്ങിയ ബെഞ്ച് ഈ നിർണായക നിരീക്ഷണം നടത്തിയത്.
“ഒരു നിമിഷത്തെ തെറ്റായ വിശ്വാസം ജീവിതകാലം മുഴുവൻ നീളുന്ന ദുരിതമായി മാറരുത്” എന്ന് കോടതി ഓർമ്മിപ്പിച്ചു. ഒരു സ്വകാര്യ ചിത്രമോ വീഡിയോയോ വ്യക്തിയുടെ നിയന്ത്രണത്തിന് പുറത്തായാൽ അത് എളുപ്പത്തിൽ ദുരുപയോഗം ചെയ്യപ്പെടാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ദുരുപയോഗങ്ങൾ ഇരയുടെ സ്വകാര്യതയ്ക്കും മാന്യതയ്ക്കും മാനസികാരോഗ്യത്തിനും നികത്താനാവാത്ത ആഘാതമുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.
പിന്നീട് നിയമപരമായ പരിഹാരങ്ങൾ തേടുന്നതിനേക്കാൾ മുൻകരുതൽ സ്വീകരിക്കുന്നതാണ് ഉചിതമെന്നും കോടതി അഭിപ്രായപ്പെട്ടു. സ്വകാര്യതയും മാന്യതയും സംരക്ഷിക്കേണ്ട മനുഷ്യന്റെ സഹജബോധത്തിന്റെ ഉദാഹരണമായി ആദാമും ഹവ്വയും ഇലകൾ കൊണ്ട് ശരീരം മറച്ച ബൈബിൾ വിവരണവും കോടതി പരാമർശിച്ചു. വസ്ത്രധാരണം ശാരീരിക ആവശ്യകത മാത്രമല്ല, മനുഷ്യന്റെ അന്തസ്സിന്റെയും സാമൂഹിക വ്യവസ്ഥിതിയുടെയും ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
ഡിജിറ്റൽ യുഗത്തിൽ ചില സാമൂഹികവിരുദ്ധർ യുവതികളുടെയും പെൺകുട്ടികളുടെയും വിശ്വാസവും വൈകാരിക ദുർബലതകളും ചൂഷണം ചെയ്യുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വഞ്ചനയിലൂടെയോ വ്യാജ വാഗ്ദാനങ്ങളിലൂടെയോ വൈകാരിക സമ്മർദത്തിലൂടെയോ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി പിന്നീട് അവ സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പ്രവണത വർധിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഇതിലൂടെ ഇരകൾ നിരന്തരമായ ചൂഷണത്തിനും അപമാനത്തിനും മാനസിക പീഡനത്തിനും ഇരയാകുന്ന സാഹചര്യമാണുള്ളതെന്നും ബെഞ്ച് നിരീക്ഷിച്ചു.
അതിനാൽ ഡിജിറ്റൽ ലോകത്ത് സ്വന്തം സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്ന കാര്യത്തിൽ സ്ത്രീകൾ അതീവ ജാഗ്രത പുലർത്തണമെന്ന് കോടതി വീണ്ടും ഓർമ്മിപ്പിച്ചു.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ നിരന്തരം ബലാത്സംഗം ചെയ്യുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത കേസിലെ പ്രതിയുടെ അപ്പീലാണ് കോടതി പരിഗണിച്ചത്. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് യുവതിയുടെ വിശ്വാസം നേടിയ പ്രതി പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രതിക്കെതിരായ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു.

