ചെന്നൈ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാൻ പുതിയ സംവിധാനവുമായി തമിഴ്നാട് സർക്കാർ. അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ ഇനി വാട്സ്ആപ്പിലൂടെ വിജിലൻസിനെ അറിയിക്കാം. ഇതിനായി 9498180936 എന്ന വാട്സ്ആപ്പ് നമ്പർ സർക്കാർ പുറത്തിറക്കി.
അഴിമതി വിരുദ്ധ ഹെൽപ്പ്ലൈൻ നമ്പറും ബോധവൽക്കരണ സന്ദേശവും സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
‘കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്’ എന്ന ബോധവൽക്കരണ സന്ദേശം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് കറപ്ഷന്റെ മേൽവിലാസം, വാട്സ്ആപ്പ് നമ്പർ, ഫാക്സ് നമ്പർ, ഇമെയിൽ വിലാസം എന്നിവയും നോട്ടീസ് ബോർഡിൽ ഉൾപ്പെടുത്തണം.
ജില്ലാ കളക്ടറേറ്റുകളിലെ പരിശോധനാ വിഭാഗം സർക്കാർ ഓഫീസുകളിൽ ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് മാനവവിഭവശേഷി വകുപ്പിന് നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
മുൻ സർക്കാരുകളും സമാന നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും പല ഓഫീസുകളിലും അത് പാലിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വീണ്ടും കർശന നിർദേശം പുറത്തിറക്കിയത്.
പൊതുജനങ്ങൾക്ക് അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ dvac@nic.in എന്ന ഇമെയിൽ വിലാസത്തിലൂടെയോ 044-22321090, 044-22321085, 044-22310989, 044-22342142 എന്നീ ഫോൺ നമ്പറുകളിലൂടെയോ അറിയിക്കാം. DVAC, No. 293, MKN Road, Alandur, Chennai – 600016 എന്ന വിലാസത്തിലേക്ക് തപാൽ മുഖേനയും പരാതികൾ നൽകാം.
സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ചില ഉദ്യോഗസ്ഥർ ഇപ്പോഴും തയ്യാറായിട്ടില്ലെന്ന റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും, നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

