Home Keralaലൈഫ് പദ്ധതിയിലെ അരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് ആരോപണം; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

ലൈഫ് പദ്ധതിയിലെ അരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് ആരോപണം; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

by news_desk1
0 comments

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് പദ്ധതിയിലെയും വീട് പുനരുദ്ധാരണ പദ്ധതിയിലെയും ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരിയായ റാണി ലക്ഷ്മിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ലൈഫ് ഭവനപദ്ധതി, വീട് പുനരുദ്ധാരണം തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പണം ഏറെക്കാലമായി മുടങ്ങിയതോടെയാണ് ക്രമക്കേടിൽ സംശയം ഉയർന്നത്. സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സംശയം പ്രകടിപ്പിക്കുകയും ഫണ്ട് വിനിയോഗത്തിൽ ഓഡിറ്റ് നടത്തണമെന്ന ആവശ്യം ഉയരുകയും ചെയ്തു.

തുടർന്ന് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി. ഈ പരിശോധനയിലാണ് അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായത്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ റാണി ലക്ഷ്മി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്കാണ് ഫണ്ട് മാറ്റിയതെന്നാണ് കണ്ടെത്തൽ.

ആദ്യം ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിന് പുറമേ നിലവിൽ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും ക്രമക്കേട് നടന്നതായി വിവരമുണ്ട്. റാണി ലക്ഷ്മിക്കെതിരെ ചിറ്റാർ, തണ്ണിത്തോട് പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്.

കേസെടുത്തതിന് പിന്നാലെ കോന്നി മ്ലാന്തടത്തുള്ള റാണി ലക്ഷ്മിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. മുൻപ് ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് വിവരം. തട്ടിയെടുത്ത പണം എന്തിന് വിനിയോഗിച്ചുവെന്ന കാര്യവും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും

You may also like