Home Top Storiesഉണ്ണിത്താൻ–ഷാഫി പോര് അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ; ഇരുവരോടും സംസാരിച്ച് ദീപ ദാസ് മുൻഷി

ഉണ്ണിത്താൻ–ഷാഫി പോര് അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ; ഇരുവരോടും സംസാരിച്ച് ദീപ ദാസ് മുൻഷി

by news_desk1
0 comments

തിരുവനന്തപുരം: രാജ്‌മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്. തർക്കം അവസാനിപ്പിച്ച് സമവായത്തിലെത്തിക്കാനുള്ള നീക്കവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇരുനേതാക്കളുമായും ആശയവിനിമയം നടത്തി. പരസ്യമായ ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് ഇരുവരോടും അവർ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രാജ്‌മോഹൻ ഉണ്ണിത്താനുമായി സംസാരിച്ചു. എന്നാൽ തനിക്കെതിരായ സൈബർ ആക്രമണത്തിൽ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഉണ്ണിത്താൻ.

തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നടത്തിയവർ കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ പ്രവർത്തകരാണെങ്കിൽ അവരെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നാണ് ഉണ്ണിത്താന്റെ പ്രധാന ആവശ്യം. കാസർകോട് ഡിസിസി അധ്യക്ഷനെതിരെയും നടപടി വേണമെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചു. തനിക്കെതിരായ സൈബർ ആക്രമണത്തിന് തുടക്കമിട്ടത് ഡിസിസി അധ്യക്ഷനാണെന്നാണ് ഉണ്ണിത്താന്റെ ആരോപണം. യോഗത്തിൽ നടന്ന ചർച്ചകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും പിന്നീട് അത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതും ഡിസിസി അധ്യക്ഷന്റെ ഇടപെടലിനെ തുടർന്നാണെന്നാണ് അദ്ദേഹത്തിന്റെ പരാതി.

ഇക്കാര്യങ്ങളിൽ നടപടി ഉറപ്പായാൽ മാത്രമേ പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കൂ എന്ന നിലപാടാണ് ഉണ്ണിത്താൻ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. ആവശ്യങ്ങളിൽ ചർച്ച നടത്താമെന്ന് ദീപ ദാസ് മുൻഷി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് കൂടുതൽ യുവനേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങളിൽ ഷാഫി പരസ്യമായി മറുപടി പറയണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. എന്നാൽ ഇരു നേതാക്കളും പരസ്യപ്രതികരണങ്ങൾ നടത്തരുതെന്നാണ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കർശന നിർദേശം.

സമവായ നീക്കങ്ങൾ പുരോഗമിക്കുമ്പോഴും ഉണ്ണിത്താൻ നിലപാടിൽ അയവുവരുത്തിയിട്ടില്ലെന്നാണ് സൂചന. നിലവിൽ പരസ്യപ്രതികരണത്തിനുള്ള സാധ്യത കുറവാണെങ്കിലും വരും ദിവസങ്ങളിലും സൈബർ ആക്രമണം തുടർന്നാൽ വീണ്ടും പ്രതികരണവുമായി രംഗത്തെത്തുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഷാഫി പറമ്പിലിനെതിരെ കൂടുതൽ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുമെന്നും തന്റെ ഡയറിയിൽ കുറിച്ചുവെച്ച കാര്യങ്ങൾ പുറത്തുവിടുമെന്നും ഷാഫിക്കെതിരെ തെളിവുകളുണ്ടെന്നും ഉണ്ണിത്താൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഉണ്ണിത്താൻ പരസ്യപ്രസ്താവനകൾ തുടർന്നാൽ കെപിസിസിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. ഹൈക്കമാൻഡ് ഇടപെട്ട് തർക്കം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുമ്പോഴും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുകയാണ്.

You may also like