Home Keralaമാനന്തവാടിയിൽ പോളിങ് ഉദ്യോഗസ്ഥക്കെതിരെ ആരോപണം; താമരയ്ക്ക് വോട്ട് ചെയ്യാൻ നിർദേശം നൽകിയെന്ന് യുഡിഎഫ്

മാനന്തവാടിയിൽ പോളിങ് ഉദ്യോഗസ്ഥക്കെതിരെ ആരോപണം; താമരയ്ക്ക് വോട്ട് ചെയ്യാൻ നിർദേശം നൽകിയെന്ന് യുഡിഎഫ്

by news_desk1
0 comments

വയനാട്: മാനന്തവാടി മണ്ഡലത്തിലെ ചെറുകാട്ടൂർ 199-ാം നമ്പർ ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥ വോട്ടർമാരോട് താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശിച്ചുവെന്ന ആരോപണവുമായി യുഡിഎഫ്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥക്കെതിരെ പരാതി നൽകിയതായി യുഡിഎഫ് അറിയിച്ചു.

ചെറുകാട്ടൂർ സെന്റ് ജോസഫ് സ്‌കൂളിൽ സജ്ജീകരിച്ച ബൂത്തിൽ വോട്ടിങ് മെഷീൻ കൈകാര്യം ചെയ്തിരുന്ന മൂന്നാം പോളിങ് ഓഫീസർ ജയലക്ഷ്മിക്കെതിരെയാണ് ആരോപണം. നാല് വോട്ടർമാരോട് ആംഗ്യഭാഷയിലും നേരിട്ടും താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശിച്ചതായാണ് പരാതി.

വോട്ട് ചെയ്യാനെത്തിയ ആളുകളാണ് ആദ്യം വിഷയത്തിൽ പരാതി ഉന്നയിച്ചത്. തുടർന്ന് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി കൺവീനർ പ്രദീപ് മാസ്റ്റർ തെരഞ്ഞെടുപ്പ് അധികൃതർക്ക് ഔദ്യോഗികമായി പരാതി നൽകി.

ഇതിനിടെ സംസ്ഥാനത്ത് 17-ാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് 6 വരെ തുടരും. ഉച്ചയ്ക്ക് 3 മണിവരെ 62.71 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

140 മണ്ഡലങ്ങളിലായി 882 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മൂന്നാം തവണയും അധികാരം നിലനിർത്താൻ എൽഡിഎഫും, പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചുവരാൻ യുഡിഎഫും ശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. എൻഡിഎയും ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ രംഗത്തുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരുണ്ട്. ഇതിൽ 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ്.

You may also like