ന്യൂഡല്‍ഹി: എച്ച്ആര്‍ഡിഎസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജീവനക്കാരൻ രംഗത്ത്. സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പോക്സോ കേസ് ഒതുക്കുന്നതിനായി പണമൊഴുക്കിയെന്നാണ് പ്രധാന ആരോപണം. വിഷയത്തിൽ നിയമനടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു.
മുൻ കേന്ദ്രമന്ത്രി ഡോ. എസ് കൃഷ്ണകുമാറിനെതിരായ വ്യാജ പീഡനപരാതിക്കു പിന്നിലും അജി കൃഷ്ണനാണെന്ന് ജീവനക്കാരൻ ആരോപിച്ചു. മുമ്പ് സ്വന്തം പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നൽകിയിരുന്ന വ്യക്തിയാണ് ഇപ്പോൾ വീണ്ടും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
സ്ഥാപനത്തിനുള്ളിൽ ജീവനക്കാരിയെ ഉപദ്രവിച്ചതായും കോൺട്രാക്ടർമാരെ തെറ്റിദ്ധരിപ്പിച്ച് കോടികൾ കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച കലണ്ടറുകളും ഡയറിയും അച്ചടിക്കാൻ 25 ലക്ഷം രൂപ ചെലവഴിച്ചെന്നും, ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചതായും ആരോപണം ഉന്നയിച്ചു.
ശശി തരൂരുമായി ബന്ധപ്പെട്ട അവാർഡ് വിവാദത്തിലും പുതിയ ആരോപണങ്ങൾ ഉയർന്നു. തരൂരിനെ നേരിട്ട് ക്ഷണിച്ചെങ്കിലും പങ്കെടുക്കാൻ അദ്ദേഹം സമ്മതിച്ചിട്ടില്ലെന്നും ജീവനക്കാരൻ പറഞ്ഞു. പ്രതിരോധ മന്ത്രിയെ ക്ഷണിച്ചതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനെന്ന പേരിലും തട്ടിപ്പ് നടത്തിയതായി പരാതിയിൽ പറയുന്നു. അതേസമയം, ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച എച്ച്ആര്‍ഡിഎസ് അധികൃതർ, സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് പിന്നിലെന്നും വിശദീകരിച്ചു.

