Home Techonologyആർട്ടെമിസ്-2 ചരിത്ര നേട്ടം: ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചാരം, 40 മിനിറ്റ് ബന്ധം വിച്ഛേദം

ആർട്ടെമിസ്-2 ചരിത്ര നേട്ടം: ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചാരം, 40 മിനിറ്റ് ബന്ധം വിച്ഛേദം

by news_desk1
0 comments

ആർട്ടെമിസ്-2: ദൗത്യം പുതിയ ചരിത്രം കുറിച്ച് മുന്നേറുന്നു. ഭൂമിയിൽനിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡ് ദൗത്യസംഘാംഗങ്ങൾ സ്വന്തമാക്കി. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 4.35-ഓടെ, പേടകം ഭൂമിയിൽനിന്ന് 252,757 മൈൽ (ഏകദേശം 4.06 ലക്ഷം കിലോമീറ്റർ) അകലെയെത്തിയപ്പോൾ ഈ നേട്ടം കൈവരിച്ചു.

ഇതോടെ, 1970-ലെ അപ്പോളോ 13 ദൗത്യത്തിന്റെ റെക്കോഡ് മറികടന്നു. അപ്പോളോ സംഘത്തേക്കാൾ ഏകദേശം 4,102 മൈൽ (6,602 കിലോമീറ്റർ) അധികദൂരം ഓറിയോൺ പേടകം സഞ്ചരിച്ചു.

ചന്ദ്രനോട് അടുത്ത് എത്തിയപ്പോൾ പേടകം പൂർണമായും ഇരുട്ടിലായി. ഇതിനെത്തുടർന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.14 മുതൽ ഏകദേശം 40 മിനിറ്റ് വരെ ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു. NASAയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് സിഗ്നലുകൾ ചന്ദ്രൻ തടസ്സപ്പെടുത്തിയതാണ് ഇതിന് കാരണം.

നാലു യാത്രികരുമായി ഓറിയോൺ പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിച്ചത് തിങ്കളാഴ്ച രാവിലെ 10.07-നാണ്. അന്ന് പേടകം ചന്ദ്രനിൽനിന്ന് 62,800 കിലോമീറ്ററും ഭൂമിയിൽനിന്ന് 3,73,400 കിലോമീറ്ററും അകലെയായിരുന്നു. 1972-ലെ Apollo 17 ശേഷം മനുഷ്യർ ചന്ദ്രനോട് ഇത്രയും അടുത്ത് എത്തുന്നത് ആദ്യമായാണ്.

റെയ്ഡ് വീസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറെമി ഹാൻസൻ എന്നിവരാണ് ദൗത്യസംഘാംഗങ്ങൾ. 10 ദിവസത്തെ ദൗത്യത്തിനുശേഷം ഏപ്രിൽ 10-ന് പേടകം ശാന്തസമുദ്രത്തിൽ തിരിച്ചിറങ്ങും.

You may also like