Home Internationalആർട്ടെമിസ്–2 മടക്കയാത്ര തുടങ്ങി; നിർണായക ഘട്ടം മുന്നിൽ

ആർട്ടെമിസ്–2 മടക്കയാത്ര തുടങ്ങി; നിർണായക ഘട്ടം മുന്നിൽ

by news_desk1
0 comments

ന്യൂയോർക്ക്: ആർട്ടെമിസ്–2 ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ചരിത്രത്തിൽ ഇതുവരെ മനുഷ്യർ സഞ്ചരിക്കാത്ത ദൂരത്തിലെത്തിയ ശേഷമാണ് സംഘം തിരിച്ചെത്താനൊരുങ്ങുന്നത്.

നാസയുടെ ബഹിരാകാശ പേടകത്തിൽ സഞ്ചരിക്കുന്ന റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവർ ഏപ്രിൽ 11-ന് ഇന്ത്യൻ സമയം രാവിലെ 5.37-ന് സാൻ ഡിയാഗോ തീരത്ത് കടലിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ.

ദൗത്യത്തിലെ ഏറ്റവും അപകടസാധ്യതയുള്ള ഘട്ടമായ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള തിരിച്ചുവരവ് ഇനി മുന്നിലുണ്ട്. ഭൂമിയിൽ നിന്ന് ഏകദേശം 122 കിലോമീറ്റർ ഉയരത്തിൽ വെച്ച് ഓറിയോണിന്റെ സർവീസ് മൊഡ്യൂൾ യാത്രികരുടെ ക്യാപ്സ്യൂളിൽ നിന്ന് വേർപെടും. തുടർന്ന് ക്യാപ്സ്യൂൾ മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗത്തിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും.

ഈ വേഗതയിൽ വായു തന്മാത്രകൾ ശക്തമായി ഞെരുങ്ങുന്നതോടെ ക്യാപ്സ്യൂളിന്റെ പുറംഭാഗം ഏകദേശം 2,760 ഡിഗ്രി സെൽഷ്യസ് വരെ ചൂടാകും. ഈ ഘട്ടത്തിൽ രൂപപ്പെടുന്ന പ്ലാസ്മ കവചം ചില നിമിഷങ്ങൾ റേഡിയോ ആശയവിനിമയം തടസപ്പെടുത്തും.

താപനില കുറയുന്നതിനൊപ്പം രണ്ട് പാരച്ചൂട്ടുകൾ ആദ്യം തുറന്ന് വേഗം കുറയ്ക്കും. തുടർന്ന് പൈലറ്റ് പാരച്ചൂട്ടുകളും പ്രധാന പാരച്ചൂട്ടുകളും തുറന്ന് ക്യാപ്സ്യൂളിന്റെ വേഗം മണിക്കൂറിൽ 27 കിലോമീറ്ററായി കുറച്ച് സുരക്ഷിതമായി കടലിൽ ഇറക്കും.

ഓറിയോണിന്റെ ഹീറ്റ് ഷീൽഡാണ് ഈ അതിതീവ്ര ചൂടിൽ നിന്ന് യാത്രികരെ സംരക്ഷിക്കുന്നത്. എന്നാൽ ആർട്ടെമിസ് 1 ദൗത്യത്തിൽ ഹീറ്റ് ഷീൽഡിൽ കണ്ടെത്തിയ തകരാറുകൾ ആശങ്ക ഉയർത്തിയിരുന്നു. ഇതിനെ തുടർന്നു ആർട്ടെമിസ്–2 ദൗത്യത്തിൽ തിരിച്ചുവരവ് പാതയിൽ മാറ്റം വരുത്തിയതായി നാസ അറിയിച്ചു.

കൂടുതൽ ചെരിഞ്ഞ പാതയിലൂടെ സഞ്ചരിക്കുന്നതിലൂടെ താപനിലയുടെ ആഘാതം കുറയ്ക്കാനാകുമെന്നാണ് നാസയുടെ വിലയിരുത്തൽ. യാത്രികർ സുരക്ഷിതമായി ഭൂമിയിലെത്തുന്നതുവരെ ദൗത്യം അതീവ നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

You may also like