ദേശീയപാതകളിലെ ടോൾ പ്ലാസുകളിൽ ഏപ്രിൽ 10 മുതൽ കാഷ് ഇടപാടുകൾ പൂർണമായും അവസാനിപ്പിച്ച് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പുതിയ പരിഷ്‌കാരത്തോടെ ടോൾ പിരിവ് മുഴുവൻ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും.
ഇനി മുതൽ ടോൾ അടയ്ക്കാൻ ഫാസ്ടാഗ്അല്ലെങ്കിൽ യുപിഐ മാത്രം ഉപയോഗിക്കാം. എല്ലാ വാഹനങ്ങളിലും പ്രവർത്തനക്ഷമമായ ഫാസ്ടാഗ് നിർബന്ധമാക്കും. ഫാസ്ടാഗ് ഇല്ലാത്തതോ പ്രവർത്തനക്ഷമമല്ലാത്തതോ ആയ സാഹചര്യങ്ങളിൽ യുപിഐവഴി പണമടയ്ക്കാൻ സാധിക്കുമെങ്കിലും, സാധാരണ ടോൾ തുകയേക്കാൾ 1.25 മടങ്ങ് കൂടുതൽ നൽകേണ്ടിവരും.
ടോൾ തുക അടയ്ക്കാൻ കഴിയാതെ പോകുന്ന വാഹന ഉടമകൾക്ക് ഇ-നോട്ടീസ് അയക്കും. 72 മണിക്കൂറിനുള്ളിൽ പണമടച്ചില്ലെങ്കിൽ ടോൾ തുകയുടെ ഇരട്ടി പിഴ ഈടാക്കും. 15 ദിവസത്തിനുള്ളിലും അടച്ചില്ലെങ്കിൽ ഈ നോട്ടീസ് വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങളുമായി ബന്ധിപ്പിക്കുന്ന സർക്കാർ സംവിധാനത്തിൽ രേഖപ്പെടുത്തും. ഇതോടെ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ മാറ്റം തുടങ്ങിയ സേവനങ്ങൾക്കും തടസമുണ്ടാകാൻ സാധ്യതയുണ്ട്.
പുതിയ നിയമപ്രകാരം തിരിച്ചറിയൽ കാർഡുകൾ കാണിച്ച് ടോൾ ഒഴിവാക്കുന്ന രീതികൾ അനുവദിക്കില്ല. ഇളവുകൾ ലഭിക്കുന്നവർ നിർബന്ധമായും എക്‌സെംപ്റ്റഡ് ഫാസ്ടാഗ് ഉപയോഗിക്കണം.
ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ടോൾ പ്ലാസുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വാഹനങ്ങൾ വേഗത്തിൽ കടന്നുപോകാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, പിരിവിൽ കൂടുതൽ സുതാര്യതയും വരുമാന നിയന്ത്രണവും ഉറപ്പാക്കാനുമിത് സഹായിക്കും.
ഇതിനൊപ്പം, സ്ഥിരം യാത്രക്കാർക്കുള്ള വാർഷിക ഫാസ്ടാഗ് പാസിന്റെ നിരക്കും പരിഷ്‌കരിച്ചിട്ടുണ്ട്. മുമ്പ് ₹3,000 ആയിരുന്ന നിരക്ക് ഇനി ₹3,075 ആയി ഉയരും. രാജ്യത്തെ ഏകദേശം 1,150 ടോൾ പ്ലാസുകളിൽ പ്രാബല്യമുള്ള ഈ പാസ് വർഷത്തിൽ 300 സൗജന്യ യാത്രകൾ അനുവദിക്കും.
അതേസമയം, ദേശീയപാതകളിലെ പാസഞ്ചർ വാഹനങ്ങളുടെ ടോൾ നിരക്കിൽ ഏകദേശം 10 ശതമാനം വർധനയും പ്രാബല്യത്തിൽ വരും.

