തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇന്നലെ വേനൽമഴ ലഭിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് പകൽ സമയങ്ങളിൽ ചൂട് ഗണ്യമായി ഉയരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനിലയെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് പാലക്കാട് ജില്ലയിൽ പരമാവധി 39°C വരെയും കൊല്ലം ജില്ലയിൽ 38°C വരെയും താപനില ഉയരുമെന്നാണ് പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 37°C വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.
സാധാരണയേക്കാൾ 2 മുതൽ 3°C വരെ അധിക ചൂട് അനുഭവപ്പെടാനിടയുള്ളതിനാൽ ചൂട് അസ്വസ്ഥതയും കൂടുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ചൂട് കൂടിയ കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

