ബാഡ്മിന്റൺ ലോകത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമാകാൻ സാധ്യത. താറാവ് തൂവലുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, സിന്തറ്റിക് ഷട്ടിൽ കോക്കുകൾ ഉപയോഗത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് വേഗം കൂടുന്നു.
പക്ഷിപ്പനി ഉൾപ്പെടെയുള്ള കാരണങ്ങളാൽ തൂവലുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടായതോടെ, പരമ്പരാഗത തൂവൽ ഷട്ടിലുകളുടെ നിർമ്മാണം പ്രതിസന്ധിയിലായി. ഇതോടെ ബദൽ മാർഗമായി സിന്തറ്റിക് തൂവലുകൾ ഉപയോഗിച്ചുള്ള ഷട്ടിൽ കോക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ ലോക ബാഡ്മിന്റൺ ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) അനുമതി നൽകി.
ആദ്യ ഘട്ടമായി ഗ്രേഡ്-3 ടൂർണമെന്റുകളിലും ജൂനിയർ തലത്തിലുള്ള രാജ്യാന്തര മത്സരങ്ങളിലുമാണ് സിന്തറ്റിക് കോക്കുകൾ പരീക്ഷിക്കുക. ഈ പരീക്ഷണം വിജയകരമാകുന്ന പക്ഷം ഭാവിയിൽ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും സിന്തറ്റിക് ഷട്ടിലുകൾ വ്യാപകമായി ഉപയോഗിക്കാനാണ് പദ്ധതി.
ഇപ്പോൾ താറാവ് വർഗത്തിൽപ്പെട്ട വാത്തകളുടെ തൂവലുകളാണ് ഷട്ടിൽ കോക്കുകളുടെ നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു കോക്ക് നിർമ്മിക്കാൻ 16 തൂവലുകൾ ആവശ്യമാണ്. എന്നാൽ ഒരു ചിറകിൽ നിന്ന് ഗുണമേന്മയുള്ള പരമാവധി ആറു തൂവലുകൾ മാത്രമേ ലഭിക്കൂ. കൂടാതെ ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ വാത്ത വളർത്തൽ കുറഞ്ഞതും ക്ഷാമം രൂക്ഷമാക്കുന്നുണ്ട്.
ഇതിനൊപ്പം, ഷട്ടിലുകളുടെ വില കുത്തനെ ഉയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ കളിക്കാർക്കും സംഘാടകർക്കും ബുദ്ധിമുട്ട് നേരിടുകയാണ്. അതേസമയം, സിന്തറ്റിക് ഷട്ടിലുകൾ കളിയുടെ നിലവാരത്തിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് പരീക്ഷണങ്ങൾക്കുശേഷമേ വ്യക്തമാകൂ.

