ഭോപ്പാൽ: മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ ദാരുണമായി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
ജബൽപൂർ–അമർകാന്തക് ദേശീയപാതയിൽ കിക്രതലാബ് ഗ്രാമത്തിനടുത്താണ് അപകടം. പിക്കപ്പ് വാഹനത്തിൽ സഞ്ചരിച്ചിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പഞ്ചറായ ടയർ മാറ്റുന്നതിനായി വാഹനം നിർത്തിയിരിക്കുമ്പോഴാണ് എതിർദിശയിൽ നിന്ന് വന്ന ട്രക്ക് ഇടിച്ചുകയറിയത്.
ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ദിൻഡോരി പൊലീസ് സൂപ്രണ്ട് വാഹ്നി സിംഗ് വ്യക്തമാക്കിയത്. എന്നാൽ റോഡിന്റെ നടുവിൽ ആളുകൾ നിന്നതിനാൽ വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നാണു ഡ്രൈവറുടെ വാദം.
പിക്കപ്പ് വാഹനത്തിലെ ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

