കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി നാല് ദിവസം മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്ത് പ്രചാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു. ചൊവ്വാഴ്ച വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. തുടർന്ന് ബുധനാഴ്ച നിശബ്ദ പ്രചാരണത്തിനും വോട്ടുറപ്പിക്കാനും മുന്നണികൾക്ക് അവസാന അവസരമായിരിക്കും.
മുന്നണികൾ എല്ലാം ശക്തമായ പ്രചാരണവുമായി രംഗത്തുള്ളതിനിടെ ദേശീയ നേതാക്കളും സംസ്ഥാനത്ത് സജീവമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ എന്നിവർ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നു. കൂടാതെ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂർ, കുന്നത്തൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് പിന്തുണ തേടിയാണ് മല്ലികാർജുന്‍ ഖാർഗെയുടെ പ്രചാരണ യോഗങ്ങൾ സംഘടിപ്പിച്ചത്. കൊട്ടാരക്കരയിൽ നടന്ന പൊതുയോഗത്തിൽ കര്‍ണാടക മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, കെ.ജെ ജോര്‍ജ് എന്നിവരും പങ്കെടുത്തു.
അതേസമയം, രാഹുല്‍ ഗാന്ധി തൃശൂർ മാളയിലെ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും കുന്നംകുളത്തും നടക്കുന്ന യു.ഡി.എഫ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.
പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ മുന്നണികൾ മുഴുവൻ ശക്തിയും വിനിയോഗിക്കുകയാണ്.

