Home Internationalനെതന്യാഹുവിന്റെ പുതിയ വീഡിയോ ‘ഡീപ്‌ഫേക്ക്’ ആണെന്ന് വിവാദം; എഐ ചാറ്റ്‌ബോട്ട് ഗ്രോക്കിന്റെ പ്രതികരണം ചര്‍ച്ചയാകുന്നു

നെതന്യാഹുവിന്റെ പുതിയ വീഡിയോ ‘ഡീപ്‌ഫേക്ക്’ ആണെന്ന് വിവാദം; എഐ ചാറ്റ്‌ബോട്ട് ഗ്രോക്കിന്റെ പ്രതികരണം ചര്‍ച്ചയാകുന്നു

by news_desk
0 comments

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉള്‍പ്പെടുത്തിയ പുതിയ വീഡിയോ ഡീപ്‌ഫേക്ക് ആണെന്ന വിവാദം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നു. എക്‌സ് (മുൻ ട്വിറ്റര്‍) പ്ലാറ്റ്‌ഫോമിലെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് വീഡിയോ എഐ നിര്‍മിതമാണെന്ന് പ്രതികരിച്ചതോടെയാണ് ചര്‍ച്ചകള്‍ കൂടുതല്‍ വ്യാപകമായത്.

ടെല്‍ അവീവിലെ ഒരു കോഫി ഷോപ്പില്‍ നിന്നുള്ളതായി പ്രചരിച്ച വീഡിയോ യഥാര്‍ഥമാണോ എന്ന ചോദ്യത്തിന് മറുപടിയായി ഗ്രോക്ക് ഇത് “100 ശതമാനം അഡ്വാന്‍സ്ഡ് എഐ ഡീപ്‌ഫേക്ക്” ആണെന്ന് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘മിഷ്’ എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്നുള്ള ചോദ്യം മറുപടി നല്‍കുന്നതിനിടെയാണ് ഗ്രോക്ക് ഇത്തരത്തിലുള്ള പ്രതികരണം നല്‍കിയതെന്നാണ് വിവരം.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച മരണ അഭ്യൂഹങ്ങളെയും ‘ആറ് വിരലുകള്‍’ എന്ന വ്യാജ അവകാശവാദത്തെയും പരിഹസിക്കുന്ന തരത്തിലായിരുന്നു നെതന്യാഹുവിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചത്. “ഞാന്‍ ആരാണെന്നാണ് അവര്‍ പറയുന്നത്?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ രണ്ട് കൈകളും കാണിച്ചുകൊണ്ട് അഞ്ച് വിരലുകളാണുള്ളതെന്ന് അദ്ദേഹം സൂചിപ്പിക്കുന്ന രംഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

ഇസ്രയേല്‍–യുഎസ്–ഇറാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. അതിന് പിന്നാലെയായിരുന്നു വീഡിയോ പുറത്ത് വന്നത്. എന്നാല്‍ വീഡിയോയിലെ ചില ഭാഗങ്ങളില്‍ കൈയില്‍ ആറു വിരലുകള്‍ കാണുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ ഡീപ്‌ഫേക്ക് സംശയം ശക്തമായി.

വീഡിയോയുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും എഐ നിര്‍മിത ഉള്ളടക്കങ്ങളെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്.

You may also like