Home Keralaനാല് സീറ്റില്‍ വിജയം ഉറപ്പ്; എ ക്ലാസ് മണ്ഡലങ്ങള്‍ കൂടുമെന്ന ബിജെപി വിലയിരുത്തല്‍

നാല് സീറ്റില്‍ വിജയം ഉറപ്പ്; എ ക്ലാസ് മണ്ഡലങ്ങള്‍ കൂടുമെന്ന ബിജെപി വിലയിരുത്തല്‍

by news_desk1
0 comments

കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് നാല് സീറ്റുകളില്‍ വിജയം നേടാമെന്ന വിലയിരുത്തലിലാണ് ബിജെപി സംസ്ഥാന നേതൃത്വം. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലാണ് വിജയം പ്രതീക്ഷിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കാസര്‍കോട്ടില്‍ ഷാനവാസ് പാദൂര്‍ മത്സര രംഗത്ത് ഇറങ്ങിയതോടെ ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെടാന്‍ സാധ്യതയുണ്ടായെന്നും, അത് ബിജെപി സ്ഥാനാര്‍ഥി എം.എല്‍. അശ്വിനിയുടെ വിജയത്തിന് സഹായകരമാകുമെന്നുമാണ് നേതൃനിരയുടെ കണക്ക്. കൂടാതെ കഴക്കൂട്ടം, ചാത്തന്നൂര്‍, തൃശ്ശൂര്‍ മണ്ഡലങ്ങളിലും വിജയം നേടാന്‍ സാധ്യതയുണ്ടെന്നും ബിജെപി വിലയിരുത്തുന്നു.

കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, തിരുവല്ല തുടങ്ങിയ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം നടന്നതായും നേതൃത്വം ചൂണ്ടിക്കാട്ടി. ഇത്തവണ സംസ്ഥാനത്ത് ബിജെപിയുടെ ‘എ ക്ലാസ്’ മണ്ഡലങ്ങളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയും നേതൃനിര പങ്കുവെച്ചു.

ഇതിനിടെ, പി.സി. ജോര്‍ജിന്റെയും മകന്‍ ഷോണ്‍ ജോര്‍ജിന്റെയും സഭാ നേതൃത്വങ്ങളെ വിമര്‍ശിച്ച പ്രസ്താവനകളില്‍ ബിജെപിക്ക് അകത്തളങ്ങളില്‍ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ വിവിധ സഭകളുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

You may also like