Home Localഉയർന്ന അൾട്രാവയലറ്റ് സൂചിക: തൃശൂരിൽ മഞ്ഞ അലർട്ട്, ജാഗ്രത നിർദേശം

ഉയർന്ന അൾട്രാവയലറ്റ് സൂചിക: തൃശൂരിൽ മഞ്ഞ അലർട്ട്, ജാഗ്രത നിർദേശം

by news_desk1
0 comments

തൃശൂർ: കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചികയുടെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് നിലവിലുള്ളത്.

അൾട്രാവയലറ്റ് രശ്മികൾ ദീർഘസമയം ശരീരത്തിൽ പതിയുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്ര പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് പകൽ 10 മുതൽ 3 വരെ UV സൂചിക ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ചു.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമവും നേത്രവും സംബന്ധിച്ച അസുഖങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു. യാത്രകളിൽ ഇടയ്ക്കിടെ തണലിൽ വിശ്രമിക്കുകയും വേണം.

You may also like