ദില്ലി: ഇന്ത്യയിലെ ടെലികോം രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). 2026 സാമ്പത്തിക വർഷത്തിലെ ഫിക്സഡ് ലൈൻ ഇന്റർനെറ്റ് സേവനങ്ങളിൽ ജിയോയും എയർടെല്ലും പോലുള്ള സ്വകാര്യ കമ്പനികളെ മറികടന്ന് ബിഎസ്എൻഎൽ ഒന്നാം സ്ഥാനത്തെത്തി.
ഫ്രാൻസിലെ സ്വതന്ത്ര നെറ്റ്വർക്ക് പരിശോധനാ സ്ഥാപനമായ എൻപെർഫ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. ഡൗൺലോഡ് വേഗതയിൽ പിന്നിലായിരുന്നുവെങ്കിലും, മൊത്തത്തിലുള്ള സേവന ഗുണമേന്മയും ഉപയോക്തൃ അനുഭവവും പരിഗണിച്ചാണ് ബിഎസ്എൻഎൽ മുന്നിലെത്തിയത്.
2025–26 കാലയളവിലെ ഫിക്സഡ് ലൈൻ ബാരോമീറ്ററിൽ ബിഎസ്എൻഎൽ 89,174 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്ന കമ്പനി സ്ഥിരതയാർന്ന വളർച്ചയിലൂടെ മുന്നേറ്റം കൈവരിച്ചതാണ് ശ്രദ്ധേയം.
റിലയൻസ് ജിയോ 73,957 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഭാരതി എയർടെൽ 74,975 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. വിപണി വിഹിതത്തിൽ മൂന്നാം സ്ഥാനത്തായിരുന്നാലും സേവന നിലവാരത്തിൽ വലിയ പുരോഗതി കൈവരിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
യഥാർത്ഥ ഉപയോക്തൃ അനുഭവത്തെ അടിസ്ഥാനമാക്കി ഇന്റർനെറ്റ് സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്തുന്ന പ്ലാറ്റ്ഫോമാണ് എൻപെർഫ്. ഈ നേട്ടം ബിഎസ്എൻഎല്ലിന്റെ സേവന മേഖലയിൽ വന്ന മാറ്റങ്ങൾക്ക് തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

