Home Internationalഇന്ത്യ-യുഎസ് വ്യാപാരചർച്ചകൾ പുനരാരംഭം; ഇന്ത്യൻ സംഘം വാഷിങ്ടണിലേക്ക്

ഇന്ത്യ-യുഎസ് വ്യാപാരചർച്ചകൾ പുനരാരംഭം; ഇന്ത്യൻ സംഘം വാഷിങ്ടണിലേക്ക്

by news_desk1
0 comments

ന്യൂഡൽഹി: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-അമേരിക്ക വ്യാപാരകരാർ സംബന്ധിച്ച ചർച്ചകൾ വീണ്ടും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ പ്രതിനിധിസംഘം ഈ മാസം വാഷിങ്ടൺ സന്ദർശിക്കും.

അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ യുഎസ് സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനെ തുടർന്ന് ചർച്ചകൾ നേരത്തെ നിർത്തിവെച്ചിരുന്നു. ഇപ്പോൾ ഇരുരാജ്യങ്ങളും വീണ്ടും കരാറിലേക്കുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ തയ്യാറെടുക്കുകയാണ്.

ഇന്ത്യയുമായി വ്യാപാരകരാറിന് മുൻപ് ധാരണയായിട്ടുണ്ടെന്നും തുടർചർച്ചകൾക്കായി ഇന്ത്യൻ സംഘത്തെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. യു.എസ്. വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ലക്ഷ്യമിട്ട ‘മിഷൻ 500’ പദ്ധതിയുടെ ഭാഗമായാണ് ഈ ചർച്ചകൾക്ക് പ്രാധാന്യം വർധിക്കുന്നത്. 2030ഓടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിലേക്ക് ഉയർത്തുക എന്നതാണ് ലക്ഷ്യം.

ഇതിനിടെ, വ്യാപാര ഇടപാടുകൾ സുഗമമാക്കാൻ ഇന്ത്യ-യുഎസ് ട്രേഡ് ഫെസിലിറ്റേഷൻ പോർട്ടൽ പുറത്തിറക്കി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്രയും ചേർന്നാണ് പോർട്ടൽ അവതരിപ്പിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ഘട്ടമായാണ് പുതിയ ചർച്ചകളെ വിലയിരുത്തുന്നത്.

You may also like