Home Entertainmentജനനായകൻ’ ദൃശ്യങ്ങൾ ചോർന്നു; പൈറസിക്കെതിരെ ശിവകാർത്തികേയന്റെ കടുത്ത മുന്നറിയിപ്പ്

ജനനായകൻ’ ദൃശ്യങ്ങൾ ചോർന്നു; പൈറസിക്കെതിരെ ശിവകാർത്തികേയന്റെ കടുത്ത മുന്നറിയിപ്പ്

by news_desk1
0 comments

ചെന്നൈ: ജനനായകൻ സിനിമയുടെ പ്രധാന ദൃശ്യങ്ങൾ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ ശിവകാർത്തികേയൻ രംഗത്തെത്തി. പൈറസി തടയണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഒരു സിനിമ നൂറുകണക്കിന് ആളുകളുടെ രക്തവും വിയർപ്പും ചേർന്നുള്ള പരിശ്രമത്തിന്റെ ഫലമാണ്. ദയവായി പൈറസി ഒഴിവാക്കി തിയേറ്റർ റിലീസിനായി കാത്തിരിക്കണം. ഉത്തരവാദികൾ കർശന നടപടി നേരിടേണ്ടിവരും,” എന്നാണ് ശിവകാർത്തികേയന്റെ പ്രതികരണം.

വിജയ്‌യുടെ അവസാന ചിത്രമായി വിലയിരുത്തപ്പെടുന്ന ‘ജനനായകൻ’ റിലീസിന് മുമ്പേ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. സംവിധായകൻ എച്ച്. വിനോദ് ഒരുക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തെലുങ്ക് ചിത്രമായ ‘ഭഗവന്ത് കേസരി’യുടെ റീമേക്കായിരിക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

സിനിമയുടെ സെൻസർ നടപടികളും റിലീസ് തീയതിയും സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ദൃശ്യങ്ങൾ ചോർന്നത് നിർമാതാക്കൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഒടിടി കരാറുകളിലും മാറ്റം സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ടെന്നും, പുതിയ റിലീസ് പദ്ധതികൾക്കായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും സൂചന.

You may also like