മുംബൈ: പ്രമുഖ സ്വർണവ്യാപാര ശൃംഖലയായ കല്യാൺ ജ്വല്ലേഴ്‌സ് ശക്തമായ സാമ്പത്തിക വളർച്ച കൈവരിച്ചു. 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി ഏകദേശം 64 ശതമാനം വാർഷിക വരുമാന വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെ സാമ്പത്തിക വർഷത്തിൽ വരുമാനം 42 ശതമാനം വർധിച്ചതായും എക്സ്ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കുന്നു.
പ്രധാന വിപണികളിലുടനീളം ശക്തമായ ഡിമാൻഡാണ് വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം. നാലാം പാദത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ മാത്രം 65 ശതമാനത്തിലധികം വരുമാന വർധനവുണ്ടായി. പുതിയ ഷോറൂമുകൾ ആരംഭിച്ചതും നിലവിലുള്ള ഷോറൂമുകളിൽ വിൽപ്പന വർധിച്ചതും ഈ നേട്ടത്തിന് കാരണമായി.
കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘കാൻഡിയർ വൻ നേട്ടം കൈവരിച്ചു. ഈ പ്ലാറ്റ്‌ഫോമിലൂടെ മാത്രം 360 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 80-ലധികം ഷോറൂമുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇവയിൽ ഭൂരിഭാഗവും ഫ്രാഞ്ചൈസി മാതൃകയിലായിരിക്കും. കഴിഞ്ഞ പാദത്തിൽ ഇന്ത്യയിൽ 28 കല്യാൺ ഷോറൂമുകളും 14 കാൻഡിയർ ഷോറൂമുകളും ആരംഭിച്ചു. ഇന്ത്യയിലും വിദേശ വിപണികളിലുമായി ആകെ ഷോറൂമുകളുടെ എണ്ണം 507 ആയി.
സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും വിവാഹ ആവശ്യങ്ങളും നിക്ഷേപമായി സ്വർണ നാണയങ്ങൾ വാങ്ങിയതുമാണ് വിപണിയിലെ ഡിമാൻഡ് വർധിപ്പിച്ചത്. 2026 മാർച്ചിൽ അവസാനിച്ച മൂന്ന് മാസത്തിൽ രാജ്യാന്തര വിപണികളിൽ നിന്നുമാത്രം ഏകദേശം 45 ശതമാനം വാർഷിക വളർച്ചയും കമ്പനി കൈവരിച്ചു.
അക്ഷയ തൃതീയയും വിവാഹ സീസണും മുന്നിൽ കണ്ട് വിപണിയിൽ മികച്ച ഡിമാൻഡ് തുടരുന്നതായും കമ്പനി അറിയിച്ചു. ഓഹരി വിപണി തുറന്നതോടെ കമ്പനിയുടെ ഓഹരികളും ഉയർച്ച രേഖപ്പെടുത്തി.

