കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ യുഡിഎഫിന് ആഘാതമായി കെപിസിസി പ്രസിഡന്റും പേരാവൂരിലെ സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ ചേർന്നു. പുതിയതെരുവിൽ നടന്ന ചടങ്ങിൽ ബിജെപി ഗോവ മുൻ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ ഷെട്ടി താനെവൈദിൽ നിന്നാണ് ഷാജി അംഗത്വം സ്വീകരിച്ചത്.വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനെന്ന് ഷാജിപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഷാജി ജോസഫ് വ്യക്തമാക്കി. കോൺഗ്രസിന്റെ വികസന വിരുദ്ധതയും വർഗീയ പ്രീണനവും സഹിക്കാവുന്നതിലപ്പുറമാണെന്നും അദ്ദേഹം വിമർശിച്ചു. ആശയപരമായ നിലപാട് മാറ്റം തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും സഹോദരൻ സണ്ണി ജോസഫുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ തന്നെ സൂചനകൾമമ്പറത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത അദാലത്തിൽ ഷാജി ജോസഫ് എത്തിയത് നേരത്തെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഗ്യാസ് ഏജൻസി ലൈസൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ അധികൃതർ അവഗണിച്ചതിനാലാണ് അന്ന് അദാലത്തിനെത്തിയതെന്നായിരുന്നു ഷാജിയുടെ വിശദീകരണം.കോൺഗ്രസിന് തിരിച്ചടികെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷാജി വി ജോസഫ്, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് എന്നിവയുടെ ഉളിക്കൽ മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. പേരാവൂരിൽ സണ്ണി ജോസഫ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രചാരണം തുടങ്ങിയ ഘട്ടത്തിലുള്ള സഹോദരന്റെ ഈ ചുവടുമാറ്റം കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
2
previous post

