കണ്ണൂർ: ലോൺ ആപ്പിൽ നിന്നുള്ള ഭീഷണികളെക്കുറിച്ച് അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ അച്ഛൻ രാജൻ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മയുടെ ചികിത്സാചെലവിനായാണ് നിതിൻ ഓൺലൈൻ ആപ്പ് വഴി കടം എടുത്തതെന്നും, എടുത്ത മുഴുവൻ തുകയും തിരിച്ചടച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്ന സ്വഭാവക്കാരനല്ല നിതിൻ എന്നും രാജൻ പറഞ്ഞു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് ഭീഷണി ലഭിച്ചിട്ടുണ്ടെങ്കിൽ അതു രക്ഷിതാക്കളെ അറിയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഡോ. ശ്രീലത നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഹോസ്റ്റൽ വാർഡൻ, ഡോ. ലത, ഡോ. റാം, ഡോ. സംഗീത എന്നിവർക്കെതിരെയും കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്. ഡോ. റാം, ഡോ. സംഗീതക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം നിതിന്റെ വീട്ടിലെത്തി മൊഴിയെടുക്കും.
ഈ മാസം 10നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതായി കുടുംബത്തെ അറിയിച്ചത്. മരണത്തിന് മുമ്പ് രാവിലെ സഹോദരിയെ വിളിച്ച് ഭക്ഷണത്തിനായി പണം ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു. തുടർന്ന് വിവരമൊന്നുമില്ലാതിരിക്കുകയും, ഉച്ചയോടെ കോളേജ് അധികൃതർ അപകട വിവരം മാത്രമാണ് അറിയിച്ചതെന്നും മരണ വിവരം പിന്നീട് മാത്രമാണ് ബന്ധുക്കൾക്ക് അറിയാനായത് എന്നും ആരോപണം ഉയരുന്നു.
സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രിയെ നേരിൽ കാണാനൊരുങ്ങുകയാണ് കുടുംബം. അതേസമയം, വിദ്യാർത്ഥി സംഘടനകൾ ഇന്ന് കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

