ന്യൂഡൽഹി: എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ അക്കാദമിക് കാലയളവിനുള്ളിൽ മാത്രം ഫീസ് ഈടാക്കാവൂ എന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കർശനമായി നിർദ്ദേശിച്ചു. അഞ്ച് അല്ലെങ്കിൽ അഞ്ചര വർഷത്തെ മുഴുവൻ കോഴ്സ് കാലയളവിനായി ഫീസ് ഈടാക്കുന്നത് അനുവദനീയമല്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.
എല്ലാ മെഡിക്കൽ കോളേജുകൾക്കും സർവകലാശാലകൾക്കും നൽകിയ നിർദ്ദേശമാണിത്. മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എൻഎംസി മുന്നറിയിപ്പ് നൽകി.
ചില സ്ഥാപനങ്ങൾ മുഴുവൻ കോഴ്സ് കാലയളവിനും, നിർബന്ധിത ഇന്റേൺഷിപ്പ് സമയത്തേക്കും വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇത്തരത്തിലുള്ള ഈടാക്കൽ അക്കാദമിക് ഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ റെഗുലേഷൻസ് (GMER) അടിസ്ഥാനമാക്കി 2024-ലെ കോംപിറ്റൻസി-ബേസ്ഡ് മെഡിക്കൽ എഡ്യൂക്കേഷൻ (CBME) മാർഗനിർദ്ദേശങ്ങൾ പ്രകാരം, എംബിബിഎസ് കോഴ്സിൽ 4.5 വർഷം (54 മാസം) അക്കാദമിക് പഠനവും തുടർന്ന് ഒരു വർഷത്തെ നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പുമാണ് ഉള്ളത്.
ഈ സാഹചര്യത്തിൽ, ഔപചാരിക പഠനം നടക്കുന്ന നാലര വർഷത്തിനുള്ളിൽ മാത്രം ഫീസ് ഈടാക്കണമെന്നും, ഇന്റേൺഷിപ്പ് കാലയളവിൽ ഫീസ് ഈടാക്കരുതെന്നും എൻഎംസി വ്യക്തമാക്കി. നിയമലംഘനം ഗൗരവമായി കാണുമെന്നും ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം നടപടി ഉണ്ടാകുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

