ന്യൂയോർക്ക്: ആഗോള വിപണിയിൽ മെമ്മറി ചിപ്പുകളുടെ ക്ഷാമവും നിർമ്മാണ ചെലവിലെ വർധനവും പശ്ചാത്തലമാക്കി പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ് തങ്ങളുടെ പ്രീമിയം ഗാലക്സി ഫോണുകളുടെ വില വർധിപ്പിച്ചു.
വരാനിരിക്കുന്ന ഗാലക്സി S26 സീരീസിന് വില കൂടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, നിലവിൽ വിപണിയിലുള്ള ഗാലക്സി Z ഫോൾഡ് 7 ഉൾപ്പെടെയുള്ള മോഡലുകൾക്കും കമ്പനി നിശബ്ദമായി വില ഉയർത്തിയിരിക്കുകയാണ്. അമേരിക്കൻ വിപണിയിൽ ചില മോഡലുകൾക്ക് 80 ഡോളർ വരെ വർധനവുണ്ടായി.
ഇന്ത്യയിലും സമാന രീതിയിൽ സാംസങ് ഫോണുകളുടെ വില വർധിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം മാത്രം അഞ്ചാം തവണയാണ് ‘എ’ സീരീസ് ഉൾപ്പെടെയുള്ള മോഡലുകളുടെ വില പുതുക്കിയത്. സാധാരണയായി പുറത്തിറങ്ങി കുറച്ച് മാസങ്ങൾക്കുശേഷം വില കുറയുന്ന സാഹചര്യത്തിൽ, എട്ട് മാസങ്ങൾക്ക് ശേഷം വില വർധിപ്പിച്ചതിനെ ടെക് ലോകം അസാധാരണ നടപടിയായി വിലയിരുത്തുന്നു.
മെമ്മറി ചിപ്പ് ക്ഷാമം മൂലമുള്ള ചെലവുകൂടൽ അനിവാര്യമാണെന്ന് കമ്പനി മുൻപ് വ്യക്തമാക്കിയിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചില മോഡലുകൾ പഴയ വിലയിൽ ലഭ്യമാണെങ്കിലും, സാംസങ് ഔദ്യോഗിക സ്റ്റോറുകളിൽ പുതിയ നിരക്കുകളാണ് നിലവിൽ വന്നിരിക്കുന്നത്.

