Home Kerala“ഡോക്ടറാവുക എന്നതായിരുന്നു സ്വപ്നം”; നിതിന്‍റെ മരണത്തില്‍ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

“ഡോക്ടറാവുക എന്നതായിരുന്നു സ്വപ്നം”; നിതിന്‍റെ മരണത്തില്‍ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

by news_desk1
0 comments

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികളും കുടുംബവും രംഗത്ത്. ക്ലാസ് മുറിയില്‍ വെച്ച് നിരന്തരം അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

വകുപ്പ് മേധാവി നിതിനെ “തെരുവ് പട്ടി” എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് നിതിന്റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് അശോക് കുമാര്‍ പറഞ്ഞു. പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്തുകയും പ്രാക്ടിക്കല്‍ പരീക്ഷകളില്‍ തോല്‍പ്പിച്ചും ഇന്റേര്‍ണല്‍ മാര്‍ക്ക് കുറച്ചും പ്രതികാരം തീര്‍ക്കുന്ന രീതിയുണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു.

ഡോക്ടറാകുക എന്നത് നിതിന്റെ വലിയ സ്വപ്നമായിരുന്നുവെന്നും അതിനായി കഠിനമായി പരിശ്രമിച്ചിരുന്നുവെന്നും കൂട്ടുകാര്‍ പറയുന്നു. നിതിന്‍ ആത്മഹത്യ ചെയ്യില്ലെന്നും എന്തോ ദുരൂഹമായ സംഭവമാണ് ഉണ്ടായതെന്നുമാണ് അവരുടെ സംശയം.

വെള്ളിയാഴ്ച കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് 23കാരനായ നിതിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബവും ആരോപിക്കുന്നു.

സംഭവത്തില്‍ ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപമുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിന്‍ രാജ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. മകന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി.യ്ക്ക് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.

You may also like