വൈക്കം : സമീപത്തെ സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കര്‍ഷകനായ ചെല്ലപ്പന്‍ പുളിക്കശ്ശേരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് വലിയ ചർച്ചക്കും രാഷ്ട്രീയ വിവാദത്തിനും ഇടയാക്കി.
തലയാഴം ഭാഗത്തെ ഓഫീസിലാണ് സംഭവം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, സിപിഐ പ്രവർത്തകർ തന്നെ ദാരുണമായി ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നുവെന്നാരോപിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ, പിണറായി വിജയന്‍ നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നാരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.
കുറഞ്ഞ നിരക്കിൽ തൈകൾ ലഭിക്കാമെന്ന പ്രതീക്ഷയിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നുവെന്നും, എന്നാൽ അനുകൂല നടപടി ലഭിച്ചില്ലെന്നും വീഡിയോയിൽ പറഞ്ഞതായി അറിയുന്നു. തൈ വിൽപ്പനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് സിപിഐ പ്രാദേശിക നേതാക്കളുമായി നേരത്തെ മുതൽ തർക്കമുണ്ടായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ആർഡിഒ സ്ഥലത്തെത്തുന്നതുവരെ മൃതദേഹം മാറ്റാൻ കഴിയില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.
ഇതിനിടെ, ഭിന്നശേഷിക്കാരനായ വ്യക്തി എങ്ങനെ തൂങ്ങി മരിച്ചുവെന്ന കാര്യത്തിൽ സംശയം ഉയർത്തിയാണ് ബിജെപിയും,കോൺഗ്രസും പ്രതികരിച്ചത്. മറുവശത്ത്, ആരോപണങ്ങൾ നിഷേധിച്ച സിപിഐ, വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു.

