ന്യൂഡല്‍ഹി: ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‌സി) ‘അപ്പര്‍ ലെയര്‍’ വിഭാഗത്തിനുള്ള മാനദണ്ഡത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആര്‍ബിഐ ശുപാര്‍ശ ചെയ്തു. പുതിയ കരട് വ്യവസ്ഥ പ്രകാരം ₹1 ലക്ഷം കോടി രൂപയ്ക്കുമുകളില്‍ ആസ്തിയുള്ള എന്‍ബിഎഫ്‌സികളെ ‘അപ്പര്‍ ലെയര്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.
ഇതിനുമുമ്പ് ആസ്തിയോടൊപ്പം സങ്കീര്‍ണമായ സ്‌കോറിങ് സംവിധാനവും പരിഗണിച്ചായിരുന്നു ഈ വിഭാഗീകരണം. എന്നാല്‍ ഇനി ആസ്തി പരിധി മാത്രം അടിസ്ഥാനമാക്കിയുള്ള ലളിതമായ മാനദണ്ഡമാണ് നിര്‍ദേശിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ബിഎഫ്‌സികളെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി. ഇതോടെ ഹഡ്‌കോ, പിഎഫ്‌സി, ആര്‍ഇസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും അപ്പര്‍ ലെയറില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
ഇതിനിടെ, നിലവില്‍ അപ്പര്‍ ലെയര്‍ വിഭാഗത്തിലുള്ള ടാറ്റ ടണ്‍സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ ഈ നീക്കം. മൂന്ന് വര്‍ഷം മുന്‍പ് അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സികള്‍ ലിസ്റ്റ് ചെയ്യണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിരുന്നെങ്കിലും, ടാറ്റ സണ്‍സ് ഇതില്‍ അനുകൂല നിലപാട് എടുത്തിട്ടില്ല.
അതേസമയം, ടാറ്റ സണ്‍സില്‍ ഗണ്യമായ ഓഹരി പങ്കുള്ള ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് കമ്പനി ലിസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. ലിസ്റ്റിംഗ് നടന്നാല്‍ ഓഹരികള്‍ വിറ്റ് കടബാധ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് അവരുടെ വിലയിരുത്തല്‍. പുതിയ മാനദണ്ഡം ടാറ്റ സണ്‍സിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് സംബന്ധിച്ച് വ്യക്തത ഇനിയും ലഭിച്ചിട്ടില്ല.

