Home Kerala“നവകേരളം 1956ൽ തന്നെ”: പിണറായി സർക്കാരിനെതിരെ ജി. സുധാകരന്റെ വിമർശനം

“നവകേരളം 1956ൽ തന്നെ”: പിണറായി സർക്കാരിനെതിരെ ജി. സുധാകരന്റെ വിമർശനം

by news_desk1
0 comments

ആലപ്പുഴ: നവകേരളം പിറന്നത് ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തല്ല, 1956 നവംബർ 1നാണെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുന്നപ്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ ലാളിത്യം ഇപ്പോഴത്തെ മന്ത്രിസഭയിൽ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു. ഭരണഘടനയെ കുറിച്ചുള്ള വിവാദ പരാമർശം നടത്തിയ സജി ചെറിയാനെ അന്ന് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടിയിരുന്നുവെന്നും, പിന്നീട് മന്ത്രിസഭയിൽ തിരിച്ചെടുത്തതിനെക്കുറിച്ച് അദ്ദേഹം ചോദ്യം ഉയർത്തി.

ചെങ്ങന്നൂർ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ചൂണ്ടിക്കാട്ടി സിപിഐഎമ്മിന് പിന്തുണ കുറഞ്ഞുവെന്നും, ബിജെപിക്ക് ശക്തി നേടാൻ ചില നേതാക്കളുടെ നിലപാടുകൾ കാരണമായെന്നും സുധാകരൻ ആരോപിച്ചു. ജില്ലയിൽ പാർട്ടി പ്രവർത്തകരെ ഏകോപിപ്പിക്കാൻ കഴിയുന്ന ശക്തമായ നേത്യത്വം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണപിള്ള സ്മാരക നാശനഷ്ട സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും അത് നടപ്പായില്ലെന്നും, ഇതിന് ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സിപിഐഎം ഇനി കേരളത്തിൽ വളരാനിടയില്ലെന്നും, പാർട്ടിയിൽ രാഷ്ട്രീയ കുറ്റകൃത്യ പ്രവണത വർധിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയ സുധാകരൻ, സാധാരണ ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ ഭരണകൂടം പിന്നിലാണെന്നും ആരോപിച്ചു.

You may also like