Home Top Stories“നിതിൻ രണ്ടാം രോഹിത് വെമുല”; ജാതി അധിക്ഷേപം ആരോപിച്ച് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടു രമേശ് ചെന്നിത്തല

“നിതിൻ രണ്ടാം രോഹിത് വെമുല”; ജാതി അധിക്ഷേപം ആരോപിച്ച് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടു രമേശ് ചെന്നിത്തല

by news_desk1
0 comments

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത്. നിതിൻ രണ്ടാമത്തെ രോഹിത് വെമുലയാണെന്നും കേരളത്തിലെ ഒരു കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ സമഗ്രവും ശക്തവുമായ അന്വേഷണം നടത്തണമെന്നും യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പ് സമാനമായ മറ്റൊരു സംഭവം കോളേജിൽ നടന്നിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇത് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷുദിനത്തിൽ മകനെ കാത്തിരുന്ന മാതാപിതാക്കൾക്ക് മൃതദേഹം കാണേണ്ടി വന്നത് അത്യന്തം ദാരുണമാണെന്ന് ചെന്നിത്തല പറഞ്ഞു. നിതിന്റെ മരണം ആത്മഹത്യയാണോയെന്ന കാര്യത്തിൽ തന്നെ കുടുംബത്തിന് സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൃതദേഹം വീട്ടിലെത്തിച്ചിട്ടും കോളേജ് അധികൃതരിൽ നിന്ന് ആരും എത്താതിരുന്നതും അതീവ ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വിമർശിച്ചു.

ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ അസംബന്ധമാണെന്നും, സംഭവത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു. ജാതി അധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിതിൻ പോലൊരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുമോ എന്നതിൽ സംശയം ഉണ്ടെന്നും, സംഭവത്തിൽ നിരവധി ദുരൂഹതകൾ നിലനിൽക്കുന്നതായും ചെന്നിത്തല പറഞ്ഞു. മുഴുവൻ സത്യാവസ്ഥയും പുറത്തുകൊണ്ടുവരാൻ അന്വേഷണ ഏജൻസികൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like