തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നികേഷ് കുമാര്‍ രംഗത്തെത്തി. സിപിഐഎം നേതാവും സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായ നികേഷ് കുമാര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
പുനരധിവാസത്തിനായി സമാഹരിച്ച ഫണ്ട് ധനലക്ഷ്മി ബാങ്കിൽ മാത്രമല്ല, ഫെഡറൽ ബാങ്ക് അക്കൗണ്ടിലും ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് നികേഷ് കുമാറിന്റെ ആരോപണം. ഫെഡറല്‍ ബാങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ചില്‍ തുറന്ന അക്കൗണ്ടില്‍ എട്ടംഗ സംഖ്യയുടെ ഇടപാട് നടന്നതായും അദ്ദേഹം ആരോപിക്കുന്നു.
ഈ അക്കൗണ്ട് സണ്ണി ജോസഫും വി ഡി സതീശനും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നതെന്ന് നികേഷ് കുമാര്‍ ആരോപിച്ചു. അക്കൗണ്ടിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതിനെ കുറിച്ചും അദ്ദേഹം ചോദ്യം ഉയര്‍ത്തി.
ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന്, ആ അക്കൗണ്ടില്‍നിന്ന് ആര്‍ക്കെങ്കിലും പണം കൈമാറിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ നിരവധി ചോദ്യങ്ങളാണ് നികേഷ് കുമാര്‍ ഉന്നയിച്ചത്. കൂടാതെ, സ്ഥലം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പേരില്‍ ഒരു പ്രവാസി മലയാളിയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കൈമാറിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
ഈ പ്രവാസിയുമായി കോണ്‍ഗ്രസ് നേതൃത്വത്തിന് എന്തെങ്കിലും ധാരണയുണ്ടോയെന്നും 2024-ല്‍ തന്നെ നടന്ന ഇടപാടുകള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ടെന്നും നികേഷ് കുമാര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് ഭാഗത്ത് നിന്നുള്ള പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.

