Home Nationalപ്രണയം നിരസിച്ചതിന് പ്രതികാരം; യു.പി.-യിൽ അമ്മക്കും മകൾക്കും നേരെ ആസിഡ് ആക്രമണം, യുവതി മരിച്ചു

പ്രണയം നിരസിച്ചതിന് പ്രതികാരം; യു.പി.-യിൽ അമ്മക്കും മകൾക്കും നേരെ ആസിഡ് ആക്രമണം, യുവതി മരിച്ചു

by news_desk1
0 comments

ലഖ്നൗ: പ്രണയം നിരസിച്ചതിന് പ്രതികാരമായി ഉത്തർപ്രദേശിൽ അമ്മയ്ക്കും മകൾക്കും നേരെ ക്രൂരമായ ആസിഡ് ആക്രമണം. ആക്രമണത്തിൽ 23കാരിയായ കാജൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ലീലാവതി ദേവി ആശുപത്രിയിൽ ചികിത്സയിലാണ്.

രാംകൊല പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊർവാൻ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഉറങ്ങിക്കിടന്നിരുന്ന കാജളിന്റെയും ലീലാവതിയുടെയും വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ഇവർക്കുമേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗർ മെഡിക്കൽ കോളേജിലേക്കും തുടർന്ന് ഗൊരഖ്പൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും വെള്ളിയാഴ്ച കാജൾ മരണത്തിന് കീഴടങ്ങി.

കാജളിന്റെ സഹോദരൻ അഭിഷേക് യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് ഛോട്ടിലാൽ ഖർവാർ, അനുജ് കുശ്വാഹ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതിയായ ഛോട്ടിലാൽ കാജളോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും, അത് നിരസിച്ചതിനെ തുടർന്ന് പകയോടെ ആക്രമണം നടത്തിയതാണെന്നും പൊലീസ് അറിയിച്ചു.

ജനൽ വഴി വീട്ടിൽ കയറിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like