ഇടുക്കി. സിപിഐഎമ്മിനെതിരെ ബിജെപി നേതാവ് എസ് രാജേന്ദ്രൻ. സിപിഐഎം തന്നെ വിശ്വസിച്ചില്ല. കഴിഞ്ഞ അഞ്ച് വർഷം ഒന്നും ചെയ്യാൻ പറ്റാത്ത വിധത്തിൽ എന്നെ വിലക്കി. ജനങ്ങൾക്ക് ചെയ്യേണ്ട നല്ല കാര്യങ്ങൾ ബ്ലോക്ക് ചെയ്തുവെന്നും എസ് രാജേന്ദ്രൻ ആരോപിച്ചു. ബിജെപി അംഗത്വമെടുത്ത ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായിരുന്ന എസ്. രാജേന്ദ്രന് ഇന്ന് ബിജെപി സ്വീകരണം നൽകി.
താൻ MLA ആയിരുന്നപ്പോൾ തോട്ടം തൊഴിലാളികൾക്കായി പ്രവർത്തിച്ചു. അവർക്ക് നിരവധി ഗുണങ്ങൾ കിട്ടി. തോട്ടം തൊഴിലാളികളുടെ പണത്തിൽ ആണ് മൂന്നാറിൽ സിപിഐഎം നേതാവ് കെ വി ശശി അടക്കം കാറിൽ സഞ്ചരിക്കുന്നതെന്നും എസ് രാജേന്ദ്രൻ ആരോപിച്ചു.
ബിജെപി യിലേക്കുള്ള മാറ്റം എന്റെ നേട്ടത്തിനല്ല. 40 വർഷത്തെ പൊതുജീവിതം കൊണ്ട് ഒന്നും നേടിയിട്ടില്ല. സോഷ്യൽ ഓഡിറ്റിന് താൻ തയാറാണ്. മുന്നാറിലെ സിപിഐഎം നേതാക്കളുടെ സ്വത്ത് ED പരിശോധിക്കണമെന്നും എസ രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലാണ് മൂന്നാറിൽ എസ് രാജേന്ദ്രന് സ്വീകരണം ഒരുക്കിയത്. രാജേന്ദ്രനൊപ്പം ബിജെപിയിലെത്തിയ മറ്റ് പ്രവർത്തകരും ചടങ്ങിനെത്തി. ബിജെപി അംഗത്വമെടുത്തശേഷം ഇതാദ്യമായാണ് രാജേന്ദ്രൻ പങ്കെടുക്കുന്ന പാർട്ടി പരിപാടി. കഴിഞ്ഞ ദിവസം ബിജെപി നിയന്ത്രണത്തിലുളള സഹകരണ സംഘത്തിന്റെ ശാഖ എസ് രാജേന്ദ്രൻ്റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രവർത്തനം തുടങ്ങിയിരുന്നു.
