തൃശ്ശൂർ. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾക്കിടയിൽ, ആരുമറിയാതെ ഒഴുകുന്ന ഒരു പുണ്യതീർത്ഥമായി മാറുകയാണ് ശ്രീ സുരേഷ് അമ്പിസ്വാമിയുടെ അന്നദാനം. കഴിഞ്ഞ കാൽനൂറ്റാണ്ടായി മുടക്കമില്ലാതെ തുടരുന്ന ഈ സേവനം, വടക്കുന്നാഥന്റെ സന്നിധിയിലെത്തുന്ന ഭക്തർക്ക് വലിയൊരു ആശ്വാസമാണ്.
ആദ്യകാലങ്ങളിൽ ലളിതമായ രീതിയിൽ ആരംഭിച്ച ഈ ഉദ്യമം ഇന്ന് വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവരാത്രി ദിനത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.
ഇത്തവണ ഏകദേശം 1000 കിലോ റവ ഉപയോഗിച്ച് തയ്യാറാക്കിയ ഉപ്പുമാവും അതിനൊപ്പം സ്വാദിഷ്ടമായ മാങ്ങാക്കറിയും ചുക്കുകാപ്പിയുമാണ് ഭക്തർക്കായി വിതരണം ചെയ്തത്. വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്കാണ് ഈ സ്നേഹവിരുന്ന് പകരുന്നത്.
തന്റെ സേവനം ആരും അറിയരുതെന്ന നിർബന്ധബുദ്ധിയോടെ പ്രവർത്തിച്ചിരുന്ന സുരേഷ് അമ്പിസ്വാമിയെ, ഈ 25-ാം വർഷത്തിൽ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് സ്നേഹാദരങ്ങളോടെ പൊന്നാട അണിയിച്ചു. വടക്കുന്നാഥന്റെ പ്രിയപ്പെട്ട ദേവനാരായണൻ മാഷാണ് ഈ ആദരവ് സമർപ്പിച്ചത്.
“പരസ്യത്തിനപ്പുറം സേവനത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം വ്യക്തിത്വങ്ങളാണ് തൃശ്ശൂരിന്റെ യഥാർത്ഥ പെരുമ.” ചടങ്ങിൽ സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.തന്റെ കഴിവും പ്രശസ്തിയും പാവപ്പെട്ടവരുടെയും ഭക്തരുടെയും വിശപ്പടക്കാൻ വിനിയോഗിക്കുന്ന അമ്പിസ്വാമിയുടെ ഈ നിശബ്ദ സേവനത്തിന് ഇന്ന് സോഷ്യൽ മീഡിയയിലും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
