ഏതാനും മാസങ്ങള്‍ക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് കാത്തുനില്‍ക്കെ കോണ്‍ഗ്രസ് പുത്തന്‍ ഉണര്‍വില്‍ ആണ്. വയനാട് രണ്ടാം നേതൃത്വ ക്യാമ്പ് കൂടി കേരള ഭരണം പിടിക്കാനുള്ള ദൗത്യത്തിന് ലക്ഷ്യ മിഷന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുമുമ്പ് വയനാട് തന്നെ നടന്ന ക്യാമ്പില്‍ മിഷന് 2025 പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷനേതാവ് സതീശന്റെ നേതൃത്വത്തില്‍ ആരംഭം കുറിച്ചതുമാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ കല്ലുകടി എന്ന് പഴമൊഴിയെ അര്‍ഥവത്താക്കിക്കൊണ്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത ആഭ്യന്തര തര്‍ക്കങ്ങളും ഗ്രൂപ്പ് പോലും അന്നുതന്നെ മിഷന് 2025 തളര്‍ത്തി കളഞ്ഞിരുന്നു. എന്നാല്‍ ആ തടസ്സങ്ങളെ എല്ലാം അതിജീവിച്ചുകൊണ്ട് ഒറ്റക്കെട്ടായി ഇറങ്ങിത്തിരിച്ചതിന്റെ ഫലമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ വിജയം. ജനങ്ങള്‍ കൂടെ നിന്ന് നല്കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മിഷന് 2026 തയ്യാറാക്കുന്നത്.
അതുകൊണ്ടുതന്നെ വയനാട് സുല്‍ത്താന്‍ബത്തേരി ക്യാമ്പില്‍ രൂപപ്പെടുന്ന ഐക്യത്തില്‍ ചെമ്പില്ലെന്ന് വിശ്വസിക്കാം. രണ്ടു നാള് രാപകല്‍ വ്യത്യാസമില്ലാതെ കൂട്ടായും ഗ്രൂപ്പുകളായും തിരിഞ്ഞ് കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളുടെ നാഡീ മിഡിപ്പുകള്‍ ഇഴ കീറി പരിശോധിച്ചതില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതില്‍ യാതൊരുവിധ ഭിന്നതകളും ഉണ്ടായില്ല എന്നുള്ളതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഫ്രെയിമില്‍ സമീപകാലത്ത് ഒന്നും മറ്റൊരു പ്രതിപക്ഷ നേതാക്കള്‍ക്കും കിട്ടിയിട്ടില്ലാത്തത്ര പിന്തുണയും മേല്‍ക്കൈയും നേടാന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി സതീശന് സാധിച്ച കാലം കൂടിയാണിത്. ചുമതല ഏറ്റെടുത്തത് മുതലുള്ള നിയമസഭയ്ക്ക് അകത്തും പുറത്തുമുള്ള പ്രവര്‍ത്തനങ്ങള്‍ ഒപ്പം തന്നെ അവിചാരിതമായി കടന്നുവന്ന ഉപതിരഞ്ഞെടുപ്പുകളും പ്രത്യേകം എടുത്തു പറയേണ്ട നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്നു തെരഞ്ഞെടുപ്പ് എന്നില്‍ കേന്ദ്രങ്ങളിലേക്കുള്ള മിന്നുന്ന വിജയങ്ങളും വി.ഡി സതീശന്റെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പുനര്‍ജനി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു എന്ന വാര്‍ത്ത ക്യാമ്പിന്റെ ആദ്യ ദിനം തന്നെ പുറത്തുവന്ന വേളയില്‍ എ.ഐ.സി.സിയും കെ.പി.സി.സിയും അണുവിടാ വ്യതിചലിക്കാതെ പിന്തുണയുമായി സതീശന് പിന്നില്‍ അണിനിരന്നത്.
2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ 100 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല താഴ്ത്തി വനവാസത്തിന് പോകുമെന്നുള്ള സതീശന്റെ നിലപാട് പൊതുമണ്ഡലത്തിലും കോണ്‍ഗ്രസ് വേദികളിലും സതീശന്റെ നേതൃത്വത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പും ഉപ ഗ്രൂപ്പുകളും നേതാക്കളും നേതാക്കന്മാരുടെ നേതാക്കളും ഇപ്പോഴും അടങ്ങിയിട്ടില്ല എന്നുള്ളത് ഒളിഞ്ഞും തെളിഞ്ഞും പറയപ്പെടുന്ന സത്യമാണ്. ആ നിലയ്ക്ക് വയനാട് ക്യാമ്പില്‍ അവതരിപ്പിക്കപ്പെട്ട മിഷന് 2026 ന് മിഷന് 2025ന് നേരിടേണ്ടി വന്ന തടസ്സങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പു പറയാന്‍ അവതരിപ്പിച്ച സതീശന് തന്നെ സംശയമുണ്ടാകാന്‍ സാധ്യതയുണ്ട്. പക്ഷേ ഇനിയും അത്തരത്തിലുള്ള കുത്തിത്തിരിപ്പ് രാഷ്ട്രീയവുമായി കോണ്‍ഗ്രസിലെ നേതാക്കള്‍ മുന്നോട്ടുപോയാല്‍ കാത്തിരിക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരാന്‍ ആവാത്ത വിധത്തിലുള്ള കനത്ത തിരിച്ചടിയായിരിക്കുമെന്ന് വ്യക്തം. മേല്‍ഘടകത്തിലെ കൃത്യമായ മുന്നൊരുക്കങ്ങള്‍ക്കൊപ്പം തന്നെ കീഴ് ഘടകങ്ങളിലും അതായത് ബൂത്ത് കമ്മിറ്റികള്‍ മണ്ഡലം കമ്മിറ്റികള്‍ ബ്ലോക്ക് കമ്മിറ്റികള്‍ ജില്ലാ കമ്മിറ്റികള്‍ എന്നിങ്ങനെയുള്ള സകല പ്രാണ ഞരമ്പുകളെയും ഒരുപോലെ ചലിപ്പിക്കണം. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുക എന്നുള്ളത് വരുന്ന മാസങ്ങളില്‍ യു.ഡി.എഫ് സംവിധാനത്തിനും കോണ്‍ഗ്രസ് സംവിധാനത്തിനും മന്ത്രമായി മാറണം അല്ലെങ്കില്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മൃഗീയമായ വിജയത്തിന്റെ അമിതാത്മവിശ്വാസത്തില്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതിന്റെ പരാജയം പോലെയാകുമാക്കുമത്.
സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് പറയപ്പെടുന്നു നല്ലതുതന്നെ. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മാത്രം ഫീല്‍ഡില്‍ എത്തി ആളും ആരവങ്ങള്‍ക്കും ഒക്കെ അപ്പുറം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിന്റെ മുക്കും മൂലയും മനസ്സിലാക്കാന്‍ പോലും കഴിയാത്ത വിധം പ്രചരണ വേളയില്‍ കിതച്ചു പോകുന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാനപ്പെട്ട പരാജയ കാരണങ്ങളില്‍ ഒന്ന്.
അതുകൊണ്ടുതന്നെ കഴിയുന്നത്ര നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നത് രാഷ്ട്രീയപരമായും സംഘടനാപരമായും കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണയം കഴിവിനെ മാനദണ്ഡമാക്കിയായിരിക്കണം. ജനകീയതയും ജനപിന്തുണയും മത്സരത്തിലെ വിജയസാധ്യതയും ആയിരിക്കണം ഒരാളെ ഒരു മണ്ഡലത്തിലേക്ക് പരിഗണിക്കുമ്പോള്‍ നോക്കേണ്ടത്. അല്ലാതെ ജാതിയോ മതമോ കുലമോ ഗോത്രമോ ആകരുത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആണ് തീരുമാനിക്കേണ്ടത് അരമനയോ പള്ളിയോ അമ്പലമോ മോസ്കോ അല്ല. മതേതരത്വം വെറും വാക്കല്ല അത് മഹിതമായ പ്രാവര്‍ത്തികമാക്കേണ്ട ആശയമാണ്. തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ടുകൊണ്ട് ജാതിയുടെ വാലും പിടിച്ച് തിരുവനന്തപുരത്തേക്കും ന്യൂഡല്‍ഹിയിലേക്കും വണ്ടികയറിയെത്തുന്നവരോട് കടക്ക് പുറത്ത് നിന്ന് പറയാനുള്ള ആര്‍ജ്ജവം നേതൃത്വം കാണിക്കണം. മുട്ടുകുത്തി അല്ല തലയുയര്‍ത്തി വേണം മിഷന് ലക്ഷ്യ 2026 നടപ്പിലാക്കേണ്ടത്.

